സുക്കർ: ബൊളീവിയൻ പ്രസിഡന്റ് ഇവോ മൊറേൽസ് രാജിവച്ചു. സ്ഥാനമൊഴിയണമെന്ന് സൈന്യം ആവശ്യപ്പെടുകയും പൊലീസ് പിന്തുണ പിൻവലിക്കുകയും ചെയ്തതോടെയാണ് രാജി. തിരഞ്ഞെടുപ്പിൽ കൃത്രിമവും അട്ടിമറിയും നടത്തിയാണ് മൊറേൽസ് അധികാരത്തിലെത്തിയതെന്ന് ആരോപിച്ച് ജനം തെരുവിലിറങ്ങിയതോടെ കഴിഞ്ഞ മൂന്ന്‍ ആഴ്ചയായി രാജ്യത്ത് അരക്ഷിതാവസ്ഥ നിലനിൽക്കുകയായിരുന്നു. 2006-ലാണ് മൊറേൽസ് ആദ്യമായി ബൊളീവിയയിൽ പ്രസിഡന്റായത്. 'രാജ്യത്തിന്റെ നന്മ'യ്ക്കായി താൻ സ്ഥാനമൊഴിയുകയാണെന്നും, പ്രതിപക്ഷത്തെ ഉദ്ദേശിച്ച് 'ഇരുണ്ട ശക്തികൾ ജനാധിപത്യത്തെ നശിപ്പിച്ചു'വെന്നും അദ്ദേഹം പറഞ്ഞു. ബൊളീവിയൻ സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് വില്യംസ് കലിമാനാണ് മൊറേൽസിനോട് അധികാരം ഒഴിയാൻ ആവശ്യപ്പെട്ടത്. വൈസ് പ്രസിഡന്റ് അൽവാരോ ഗാർസിയ ലിനേറയും രാജിവച്ചിട്ടുണ്ട്.