
തിരുവനന്തപുരം: സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്രൂപ്പ് ബിയിൽ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം. ഇന്നലെ കാര്യവട്ടം സ്പോർട്സ് ഹബിൽ നടന്ന മത്സരത്തിൽ 14 റൺസിന് ത്രിപുരയെയാണ് കേരളം കീഴടക്കിയത്. ആദ്യം ബാറ്ര് ചെയ്ത കേരളം സച്ചിൻ ബേബിയുടെ അർദ്ധ സെഞ്ച്വറിയുടെ (28 പന്തിൽ 58) പിൻബലത്തിൽ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് നേടി. മറുപടിക്കിറങ്ങിയ ത്രിപുരയ്ക്ക് 20 ഓവർ അവസാനിക്കുമ്പോൾ 8 വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. 4 വിക്കറ്ര് വീഴ്ത്തിയ ജലജ് സക്സനേയുടെ മികച്ച ബൗളിംഗാണ് ത്രിപുരയുടെ റൺസ് ഒഴുക്കിന് തടയിട്ടത്.
ത്രിപുര വിക്കറ്റ് നഷ്ടമില്ലാതെ 43 റൺസ് എന്ന ഭദ്രമായ നിലയിൽ ആയിരിക്കെ അഞ്ചാമത്തെ ഓവറിലെ അവസാന രണ്ട് പന്തുകളിലായി അവരുടെ ഓപ്പണർ ഉദിയൻ ബോസിനെയും (27), അർക്കപ്രഭ സിൻഹയേയും (0) പുറത്താക്കി സക്സേന കേരളത്തിന് ബ്രേക്ക് ത്രൂ സമ്മാനിക്കുകയായിരുന്നു.
ബേസിൽ തമ്പി രണ്ട് വിക്കറ്ര് വീഴ്‌ത്തി. ത്രിപുരയ്ക്കായി മിലിന്ദ് കുമാർ (36 പന്തിൽ 56) അർദ്ധ സെഞ്ച്വറി നേടി. നേരത്തെ 28 പന്തിൽ 4 വീതം ഫോറും സിക്സും ഉൾപ്പെടെയാണ് സച്ചിൻ ബേബി 58 റൺസ് നേടിയത്. രോഹൻ കുന്നുമ്മൽ (27 പന്തിൽ 30), മുഹമ്മദ് അസ്‌ഹറുദ്ദിൻ (18 പന്തിൽ 25), ബേസിൽ തമ്പി (12 പന്തിൽ 22) എന്നിവരും കേരളത്തിനായി ബാറ്റ് കൊണ്ട് നിർണായക സംഭാവന നൽകി.
ഗ്രൂപ്പ് ബിയിലെ മറ്രൊരു മത്സരത്തിൽ ഉത്തർപ്രദേശ് 5 വിക്കറ്രിന് തമിഴ്നാടിനെ കീഴടക്കി. സ്കോർ: തമിഴ് നാട് 168/7, ഉത്തർപ്രദേശ് 174/5.
തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ വിദർഭ 70 റൺസിന് മണിപ്പൂരിനെ കീഴടക്കി. വിദർഭ 150/6, മണിപ്പൂർ 80/9.