salim-khan

ന്യൂഡൽഹി: അയോദ്ധ്യ വിധിക്ക് പിന്നാലെ പ്രതികരണവുമായി സൽമാൻ ഖാന്റെ പിതാവും ബോളിവുഡ് തിരക്കഥാകൃത്തും നിർമാതാവുമായ സലിം ഖാൻ രംഗത്ത്. അ‍ഞ്ചേക്കർ ഭൂമിയിൽ നിർമ്മിക്കേണ്ടത് പള്ളിയല്ലെന്നും സ്കൂളാണെന്നും സലിം ഖാൻ പറ‌ഞ്ഞു. കുറെ കാലമായുള്ള തർക്കം പരിഹരിച്ചിരിക്കുകയാണ്. അയോദ്ധ്യ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്‌ലാമിന്റെ ഗുണങ്ങൾ ക്ഷമയും സ്നേഹവുമാണെന്നാണ് പ്രവചകൻ പറഞ്ഞത്. അയോദ്ധ്യ വിധിക്ക് ശേഷവും ഈ ഗുണങ്ങളിലൂന്നിയാകണം ഓരോ മുസ്‍ലിമും മുന്നോട്ടുപോകേണ്ടത്. സ്നേഹവും ക്ഷമയും പ്രകടിപ്പിക്കൂ, പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാതെ മുന്നോട്ടുപോകൂ എന്നും അദ്ദേഹം പറ‌ഞ്ഞു. ഇന്ത്യയിലെ മുസ്‌ലിംകൾക്ക് വേണ്ടത് സ്കൂളുകളാണ്, വളരെയധികം പഴക്കമുള്ള ഒരു തർക്കം പരിഹരിക്കപ്പെട്ടിരിക്കുന്നു. ഞാനീ വിധിയെ സ്വാഗതം ചെയ്യുന്നു. ഇനി മുസ്‌ലിംകൾ അയോദ്ധ്യ വിധിയെക്കുറിച്ച് ചർച്ച ചെയ്യരുത്. അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചും അവക്കുള്ള പരിഹാരങ്ങളെക്കുറിച്ചുമാകണം ചർച്ചകൾ.

ഇത് എന്തുകൊണ്ടാണെന്ന് വച്ചാൽ നമുക്കാവശ്യം സ്കൂളുകളും ആശുപത്രികളുമാണ്. പള്ളി പണിയുന്നതിന് പകരം അ‍ഞ്ചേക്കറിൽ സ്കൂളോ കോളജോ നിർമിക്കണമെന്നാണ് എന്റെ അഭിപ്രായം. പ്രധാനമന്ത്രി മോദിയെ താൻ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതുപോലെ നമുക്കാവശ്യം സമാധാനമാണെന്നും ഭാവിയെക്കുറിച്ച് പ്രതീക്ഷയുണ്ടാകണമെന്നും സലിം ഖാൻ പറഞ്ഞു.