ന്യൂഡൽഹി: പതിനൊന്ന് മാസത്തെ നഷ്‌ടയാത്രയ്ക്ക് വിരാമമിട്ട് ഒക്‌ടോബറിൽ പാസഞ്ചർ വാഹന വിപണി നേട്ടത്തിലേക്ക് തിരിച്ചുകയറി. നവരാത്രി - ദീപാവലി ഉത്സവകാലത്തിന്റെ പിൻബലത്തിൽ 0.28 ശതമാനം വളർച്ചയാണ് കഴിഞ്ഞമാസം വില്‌പനയിലുണ്ടായത്. 2018 ഒക്‌ടോബറിലെ 2.84 ലക്ഷം യൂണിറ്റുകളിൽ നിന്ന് 2.85 ലക്ഷം യൂണിറ്റുകളിലേക്കാണ് കഴിഞ്ഞമാസം വില്‌പന ഉയർന്നതെന്ന് വാഹന നി‌ർമ്മാതാക്കളുടെ കൂട്ടായ്‌മയായ സൊസൈറ്രി ഒഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷൻ (സിയാം) വ്യക്തമാക്കി.

അതേസമയം, നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബർ കാലയളവിൽ പാസഞ്ചർ വാഹന വില്‌പന നഷ്‌ടം 20 ശതമാനമാണ്. കഴിഞ്ഞമാസം പാസഞ്ചർ വാഹന ഉത്‌പാദനം 21.14 ശതമാനവും കയറ്റുമതി 2.18 ശതമാനവും ഇടിഞ്ഞു. എല്ലാവിഭാഗം ശ്രേണികളിലുമായി വാഹന ഉത്‌പാദനത്തിൽ ഒക്‌ടോബറിലുണ്ടായ ഇടിവ് 26.22 ശതമാനമാണ്.

12.76%

ഒക്‌ടോബറിൽ എല്ലാ വിഭാഗം ശ്രേണികളിലുമായി മൊത്തം വാഹന വില്‌പന 12.76 ശതമാനം ഇടിഞ്ഞു. 24.94 ലക്ഷം യൂണിറ്റുകളിൽ നിന്ന് 21.76 ലക്ഷത്തിലേക്കാണ് വില്പന ഇടിഞ്ഞത്.

6.34%

ആഭ്യന്തര കാർ വില്‌പന ഒക്‌ടോബറിൽ 6.34 ശതമാനം ഇടിഞ്ഞു. കഴിഞ്ഞമാസം വിറ്റുപോയത് 1.73 ലക്ഷം കാറുകൾ.

22.22%

യൂട്ടിലിറ്രി വാഹന വില്‌പന ഒക്‌ടോബറിൽ 22.22 ശതമാനം ഉയർന്നു.

14.43%

കഴിഞ്ഞമാസം മൊത്തം ടൂവീലർ വില്‌പന 14.43 ശതമാനവും മോട്ടോർസൈക്കിൾ വില്‌പന 15.88 ശതമാനവും ഇടിഞ്ഞു.

23.31%

വാണിജ്യ വാഹന വില്‌പന നഷ്‌ടം 23.31 ശതമാനം.