sivasena-

മുംബയ് : മഹാരാഷ്ട്രയിൽ ശിവസേനസർക്കാരിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കോൺഗ്രസ്. ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.. എൻ.സി.പിയുമായി ചർച്ചകൾ തുടരുമെന്നും കോൺഗ്രസ് അറിയിച്ചു. കോൺഗ്സും എൻ.സി.പിയും പിന്തുണക്കത്ത് നൽകിയിട്ടില്ലെന്ന് ശിവസേന നേതാവ് ആദിത്യതാക്കറെയും അറിയിച്ചു,​

അതേസമയം സർക്കാർ രൂപീകരണത്തിന് ശിവസേന ഗവർണറിൽ നിന്ന് കൂടുതൽ സമയം തേടി. ആദിത്യതാക്കറെയും ശിവസേന നേതാക്കളും ഗവർണറെ കണ്ടാണ് സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം തേടിയത്. രണ്ടുദിവസത്തെ സാവകാശമാണ് ശിവസേന ആവശ്യപ്പെട്ടത്. എന്നാൽ പിന്തുണക്കത്ത് നൽകുന്നതിൽ ഗവർണർ സാവകാശം അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്.. എൻ. സി.പിയുമായും കോൺഗ്രസുമായും ചർച്ചകൾ തുടരുമെന്നും ആദിത്യതാക്കറെ അറിയിച്ചു.

നേരത്തെ സർക്കാർ രൂപീകരണം സംബന്ധിച്ച് ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ചിരുന്നു.. സർക്കാർ രൂപീകരണത്തിന് പിന്തുണ അഭ്യർത്ഥിച്ചായിരുന്നു സംഭാഷണം.

സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ മഹാരാഷ്ട്രയിലെ നേതാക്കളുമായി ഡൽഹിയിൽ ചർച്ച നടത്തിയശേഷമാണ് തത്കാലം തീരുമാനമെടുക്കേണ്ടെന്ന് തീരുമാനിച്ചത്.

നേരത്തെ കോൺഗ്രസും എൻ.സി.പിയും ശിവസേനയ്ക്ക് പിന്തുണ നൽകിയതായി വാർത്തകൾ പരന്നിരുന്നു. തുടർന്നാണ് കോൺഗ്രസ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ ഇക്കാര്യം നിഷേധിച്ചത്.