marad

കൊച്ചി: പ്രാഥമിക നഷ്ടപരിഹാരമായി 25 ലക്ഷം ലഭിച്ച മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് ഫ്ലാറ്റിന്റെ യഥാർത്ഥ വിലയുടെ ബാക്കി തുകയ്ക്കായി അപേക്ഷിക്കാമെന്ന് ജസ്റ്റിസ് കെ. ബാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായ സമിതി. അപേക്ഷകൾ സത്യവാങ്മൂലം ഉൾപ്പെടെ മരട് നഗരസഭയിൽ രണ്ടാഴ്ചയ്ക്കകം നൽകണം. സമിതിയുടെ തീരുമാനം ഫ്ലാറ്റ് ഉടമകളെ അറിയിക്കാൻ നഗരസഭ നടപടിയെടുക്കണം.

ഒരേ ഫ്ലാറ്റിന് നഷ്ടപരിഹാരം തേടി രണ്ട് അവകാശികളെത്തിയതും സമിതി പരിശോധിച്ചു. ഗോൾഡൻ കായലോരം ഫ്ലാറ്റ് നമ്പർ ജി-10എ ഉടമ ഇ.എം. ബാബുവും ഫ്ലാറ്റ് മേൽനോട്ടക്കാരനായ ബിസിൻ ടി. കുമാറുമാണ് അപേക്ഷകളുമായി എത്തിയത്. ബാബു നഷ്ടപരിഹാരം വാങ്ങുന്നതിനെതിരെ റസിഡന്റ്‌സ് അസോസിയേഷനും ബിസിനും പരാതിയുമായി സമിതിയെ സമീപിക്കുകയായിരുന്നു. ഫ്ലാറ്റ് വാങ്ങിയ ബാബു വർഷങ്ങളായി ഗൾഫിലാണ്. ബിസിനെ ഫ്ലാറ്റ് നോക്കാനാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഫ്ലാറ്റിന്റെ പവർ ഒഫ് അറ്റോർണി തനിക്കാണെന്ന് ബിസിൻ അവകാശപ്പെട്ടു. ബാബുവാണ് ഫ്ലാറ്റ് വാങ്ങിയതെന്ന് നിർമാതാക്കൾ സമിതിയെ അറിയിച്ചു. റസിഡന്റ്‌സ് അസോസിയേഷന് കാലാകാലങ്ങളായി ബാബു നൽകാനുള്ള തുക മുടങ്ങിയതാണ് അസോസിയേഷന്റെ പരാതിക്കിടയാക്കിയതെന്ന് സമിതി കണ്ടെത്തി. രേഖകൾ പരിശോധിച്ച സമിതി ബാബുവിനും 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചു.
ജെയിൻ കോറൽ കോവിലെ നാല് ഫ്ലാറ്റുകൾക്കായി രണ്ട് ഉടമകൾ നഷ്ടപരിഹാര അപേക്ഷ നൽകി. ഇരുവരും ചേർന്നാണ് ഫ്ലാറ്റുകൾ വാങ്ങിയത്. എന്നാൽ വില്പന കരാറോ സത്യവാങ്മൂലമോ ഹാജരാക്കാനായില്ല. യഥാർത്ഥ ഒപ്പും അപേക്ഷയിലുണ്ടായിരുന്നില്ല. ആവശ്യമായ രേഖകൾ സഹിതം വീണ്ടും അപേക്ഷ നൽകാൻ സമിതി നിർദ്ദേശിച്ചു. രേഖകളില്ലാത്ത മറ്റൊരു അപേക്ഷ 19ന് പരിഗണിക്കാൻ മാറ്റി.

അതേസമയം ഫ്ലാറ്റ് നിർമാതാക്കളായ ജെയിൻ ഹൗസിംഗ് ആൻഡ് കൺസ്ട്രക്‌ഷൻസിന്റെ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ അനുവദിക്കണമെന്ന് അപേക്ഷ സമിതി അംഗീകരിച്ചു. സമിതിയുടെ പേരിൽ എസ്.ബി.ഐയിലുള്ള അക്കൗണ്ടിലേക്ക് 5.28 കോടി കൈമാറാനാണ് അപേക്ഷ നൽകിയത്. ഈ തുക നിക്ഷേപിക്കുന്നതിന് മാത്രമായി അക്കൗണ്ട് വീണ്ടും തുറക്കാനാണ് സമിതി അനുമതി നൽകിയത്. ഇക്കാര്യം കമ്പനിയുടെ അക്കൗണ്ടുള്ള കാരൂർ വൈശ്യ ബാങ്കിനെയും പനങ്ങാട് പൊലീസിനെയും അറിയിക്കും. സുപ്രീംകോടതി ഉത്തരവ് പ്രകാരം ആദ്യം രണ്ട് കോടിയും പിന്നീട് 3.28 കോടിയും സമിതിക്ക് കൈമാറാമെന്ന് ജെയിൻ കമ്പനി സമ്മതിച്ചിരുന്നു.