nurses-asso-case

തൃശൂർ: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക തിരിമറി സംബന്ധിച്ച കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ, ഓഫീസ് സ്റ്റാഫായ പി.ഡി. ജിത്തു, ഡ്രൈവറായ നിതിൻ മോഹൻ, മറ്റു ഭാരവാഹികളായ ഷോബി ജോസഫ്, സുജനൻപാൽ അച്യുതൻ, ബിപിൻ പൗലോസ്, എം.വി. സുധീർ എന്നിവർ ചേർന്ന് 2017 ഏപ്രിൽ മുതൽ കഴിഞ്ഞ ജനുവരി വരെയുള്ള കാലയളവിൽ മൊത്തം 3,71,00,000 രൂപയുടെ സാമ്പത്തിക തിരിമറി നടത്തി എന്നാണ് ആരോപണം.

വിവിധ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ശമ്പളയിനത്തിലും, മറ്റു രീതിയിലും ഭീമമായി തുകകൾ നൽകിയതായി വ്യാജരേഖകൾ നിർമ്മിച്ച് സംഘടനയിൽ ഹാജരാക്കി, സംഘടനയെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്തു എന്നാണ് തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലെ ആരോപണം. ഒന്നാം പ്രതി ജാസ്മിൻഷായും, എട്ടാം പ്രതിയും ഭാര്യയുമായ ശബ്‌നവും ഒളിവിലാണ്. രണ്ടു മുതൽ ഏഴു വരെ പ്രതികളാണ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ സി.ബി. മുകേഷാണ് സംഘടനയിൽ നടന്ന സാമ്പത്തിക തിരിമറികളെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പരാതി ഡി.ജി.പി ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്ക് കൈമാറുകയും, ക്രൈംബ്രാഞ്ച് എ.ഡി.ജി.പി നിർദ്ദേശിച്ച പ്രകാരം തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയുമായിരുന്നു.

സാമ്പത്തിക തിരിമറികളും ക്രമക്കേടും നടത്തിയിട്ടില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമുള്ള പ്രതികളുടെ വാദം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സോഫി തോമസ് തള്ളി. മൂന്ന് കോടി എഴുപത്തിഒന്ന് ലക്ഷം രൂപയുടെ തിരിമറിയാണ് നടന്നിട്ടുള്ളതെന്നും ജാസ്മിൻ ഷാ സംഘടനയുടെ പണം ഉപയോഗിച്ച് ഭാര്യയുടെ പേരിൽ ഫ്‌ളാറ്റും കാറും വാങ്ങിയിട്ടുണ്ടെന്നുമായിരുന്നു ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി. ബാബുവിന്റെ വാദം.

രണ്ടാം പ്രതിയുടെ പേരിലും സംഘടനയുടെ പണം ദുരുപയോഗം ചെയ്ത് കാർ വാങ്ങിയതായും, രേഖകൾ വ്യാജമായി ചമച്ചിട്ടുള്ളതിനാൽ പ്രതികളുടെ ഒപ്പും മറ്റും ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുന്നതിന് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമായതിനാൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കളയണമെന്നും അദ്ദേഹം വാദിച്ചു.