ന്യൂഡൽഹി : തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നു 17 ദിനം പിന്നിട്ട ശേഷവും രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്രയിൽ ശിവസേനയ്ക്ക് ശേഷം സർക്കാർ രൂപീകരിക്കാൻ എൻ.സി.പിക്ക് ക്ഷണം. ഭൂരിപക്ഷം തെളിയിക്കുന്ന കത്തു ഹാജരാക്കാൻ ശിവസേനയ്ക്കു കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ രൂപീകരണത്തിന് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിൽ എൻ.സി.പിയെ ഗവർണർ ഭഗത് സിംഗ് കോഷിയാരി ക്ഷണിച്ചത്. എന്നാൽ നാളെ കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തിൽ എൻ.സി.പി അവസാന തീരുമാനം എടുക്കുക. കോൺഗ്രസ്ുമായി നാളെ ചർച്ചയെന്ന് എൻ.സി.പി നേതാവ് നവാബ് മാലിക് മാദ്ധ്യമങ്ങളെ അറിയിച്ചു.
തിങ്കളാഴ്ച രാത്രി ഏഴരയ്ക്കുള്ളിൽ സർക്കാർ രൂപീകരണം സംബന്ധിച്ചുള്ള തീരുമാനം അറിയിക്കാൻ നിർദ്ദേശിച്ചതുപ്രകാരം ശിവസേനാ സംഘം ഇന്ന് ഗവർണറെ കണ്ടിരുന്നു. സർക്കാർ രൂപീകരണത്തിനു രണ്ടു ദിവസം കൂടി സാവകാശം അനുവദിക്കണമെന്ന് ശിവസേന അഭ്യർഥിച്ചു. എന്നാൽ കൂടുതൽ സമയം നൽകാനാകില്ലെന്ന് ഗവർണർ അറിയിച്ചതായി ആദിത്യ താക്കറെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാർ രൂപീകരണശ്രമവുമായി ശിവസേന മുന്നോട്ടു പോകുമെന്നും ആദിത്യ അറിയിച്ചു. ഇതിനിടെയാണു ഗവർണറുടെ നടപടി. ഒറ്റയ്ക്കു കേവല ഭൂരിപക്ഷം ഒരു പാർട്ടിക്കും ഇല്ലാത്ത സാഹചര്യത്തിൽ ആദ്യം ബിജെപിയെ ആണു ഗവർണർ ക്ഷണിച്ചത്. സർക്കാരുണ്ടാക്കാനില്ലെന്നു ബിജെപി വ്യക്തമാക്കിയതിനു പിന്നാലെയാണു ശിവസേനയെ ക്ഷണിച്ചത്.
യൂത്ത് വിങ് നേതാവ് ആദിത്യ താക്കറെ, ഏകനാഥ് ഷിൻഡേ തുടങ്ങിയവർ നേതൃത്വം നൽകിയ പ്രത്യേക ശിവസേന പ്രതിനിധി സംഘമാണ് തിങ്കളാഴ്ച വൈകിട്ട് ഗവർണറെ കണ്ടത്. ഇവരോടൊപ്പം ഏഴു സ്വതന്ത്ര എംഎൽഎമാരും ഗവർണറെ കാണാനെത്തി.