തൃശൂർ: പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം എങ്ങനെ സൂക്ഷിക്കുമെന്ന് അറിയാതെ പൊലീസും മെഡിക്കൽ കോളേജ് അധികൃതരും നട്ടം തിരിയുന്നു.മൃതദേഹങ്ങൾ എംബാം ചെയ്യണമെന്ന നിർദ്ദേശം ഉയർന്നെങ്കിലും പ്രത്യേകിച്ച് ഗുണമില്ലെന്നാണ് അധികൃതർക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. മൃതദേഹങ്ങൾ മോർച്ചറിയിൽ 4-7 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കുന്നത്. ഏറെക്കാലം ഇങ്ങനെ സൂക്ഷിച്ചാലും ചെറിയതോതിൽ ജീർണിക്കാനുള്ള സാദ്ധ്യതയുണ്ട്. പൂജ്യം ഡിഗ്രിക്കു താഴേക്കു ഊഷ്മാവ് കുറച്ചാൽ തുടർ പരിശോധന നടത്തേണ്ടിവന്നാൽ ബുദ്ധിമുട്ടുണ്ടാകും.
കൊല്ലപ്പെട്ടവർ ആരാണെന്നുപോലും വ്യക്തമാകാത്തതിനാൽ പൊലീസ് ആശങ്കയിലാണ്. കൊല്ലപ്പെട്ട അരവിന്ദന്റെ മൃതദേഹം തിരിച്ചറിയാനാകാത്ത അവസ്ഥയുണ്ടായെന്ന് വ്യക്തമായത് കഴിഞ്ഞദിവസമാണ്. അരവിന്ദന്റെ ബന്ധുവെന്ന് പറഞ്ഞ് നാലുപേരാണ് എത്തിയത്. മൃതദേഹം കറുത്തിരുണ്ട നിലയിലായിരുന്നതിനാൽ അവർ മടങ്ങി. മൃതദേഹങ്ങൾ എന്തുചെയ്യണമെന്ന കാര്യത്തിൽ ഇന്ന് കോടതി നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. ബന്ധുക്കളുടെ ഹർജിയിൽ തത്കാലം ശവസംസ്‌കാരം തടഞ്ഞിരിക്കുകയാണ്. കാർത്തിയുടെ മൃതദേഹവും പൂർണമായും തിരിച്ചറിയാനായിരുന്നില്ല.
അരവിന്ദന്റെ ബന്ധുക്കളെന്ന് പറഞ്ഞ് എത്തിയ രാജഗോപാൽ, ജയരാമൻ എന്നിവരിൽ നിന്ന് ഡി.എൻ.എ പരിശോധനയ്ക്കായി രക്തസാമ്പിളുകൾ ശേഖരിച്ചു. ഡി.എൻ.എ പരിശോധന ഉടൻ നടത്തും. മൃതദേഹം സ്ഥിരീകരിച്ചാൽ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ആരും എത്താത്ത മൃതദേഹങ്ങൾ ഏറ്റെടുത്തു സംസ്‌കരിക്കാമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനയും എസ്.പിക്കു കത്ത് നൽകിയിരുന്നു. ബന്ധുവാണെന്നു പറഞ്ഞവർ ആധികാരിക രേഖകളുമായി വന്നിട്ടില്ല.
പലരുടെയും തലയ്ക്കാണ് വെടിയേറ്റതെന്നതിനാൽ മൃതദേഹം എത്തിച്ചപ്പോൾ തന്നെ വികൃതമായിരുന്നു. കഴിഞ്ഞ മാസം 29 ന് രാത്രിയാണ് മണിവാസകം, കാർത്തി, രമ, അരവിന്ദ് എന്നിവരുടെ മൃതദേഹങ്ങൾ അട്ടപ്പാടിയിലെ മഞ്ചക്കണ്ടിയിൽ നിന്ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിച്ചത്. പിറ്റേന്ന് ദിവസം മുഴുവൻ പോസ്റ്റുമോർട്ടം ചെയ്ത് ഫ്രീസറിലേക്ക് മാറ്റി. മണിവാസകത്തിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. രമയെ തേടി ആരും വന്നില്ല. മൃതദേഹങ്ങൾ തിരിച്ചറിയും മുമ്പു തുടർനടപടി പാടില്ലെന്നു ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. റീപോസ്റ്റുമോർട്ടം എന്ന ആവശ്യമുയർന്നപ്പോഴാണ് കോടതിയെ സമീപിച്ചത്.