പട്ടൗഡി കുടുംബത്തിലെ ചെറിയ നവാബ് എന്നാണ് ബോളിവുഡ് താരം സെയ്ഫ് അലിഖാൻ അറിയപ്പെടുന്നത്. ഹരിയാനയിലെ ഗുരുഗ്രാമത്തിലെ പട്ടൗഡി കുടുംബത്തിന്റെ കൊട്ടാരമായ പട്ടൗഡി പാലസും പ്രശസ്തമാണ്. എന്നാൽ പട്ടൗഡി പാലസിന്റെ അധികമാരും അറിയാത്ത ചില കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് താരം. ഒരഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
പട്ടൗഡി പാലസ് തനിക്ക് പൈതൃകമായി ലഭിച്ചതല്ല എന്നായിരുന്നു അഭിമുഖത്തിൽ സെയ്ഫ് പറഞ്ഞത്. ഇടക്കാലത്ത് നഷ്ടപ്പെട്ട കൊട്ടാരം അഭിനയത്തിൽ നിന്ന് ലഭിച്ച പ്രതിഫലം ഉപയോഗിച്ച് തിരികെ വാങ്ങുകയായിരുന്നു. പിതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടനുമായ മൻസൂർ അലിഖാൻ മരിച്ചതോടെ കൊട്ടാരം പാട്ടത്തിന് നൽകേണ്ടി വന്നു. ഇന്ന് 800 കോടി വിലമതിക്കുന്ന കൊട്ടാരം നീമ്രാണ ഹോട്ടൽസ് നെറ്റ്‌വർക്കിന് പാട്ടത്തിന് നൽകുകയായിരുന്നു.
സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് 2014ൽ കൊട്ടാരം സെയ്ഫ് തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ന് സെയ്ഫിനും കുടുംബത്തിനും അവധിക്കാലം ആഘോഷിക്കാനുള്ളയിടമാണ് പട്ടൗഡി പാലസ്.
മൻസൂർ അലിഖാന്റെ പിതാവും പട്ടൗഡിയിലെ എട്ടാമത്തെ നവാബുമായിരുന്ന ഇഫ്തിക്കര്‍ അലിഖാന്‍ പട്ടൗഡി പണികഴിപ്പിച്ചതാണ് ഈ കൊട്ടാരം. 1900ത്തിൽ പണികഴിപ്പിച്ച പട്ടൗഡി പാലസ് 2005 മുതൽ 2014 വരെയുള്ള കാലയളവിലാണ് ഹോട്ടലിന് പാട്ടത്തിന് നൽകിയത്.
ഏഴ് ബെഡ്റൂം, ഏഴ് ഡ്രസിംഗ് റൂം, ഏഴ് ബില്യാർഡ്സ് റൂമുകൾ, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് ഇവിടെയുള്ളത്.
കൊളോണിയൽ മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരത്തിന്റെ നിർമാണത്തിന് നേതൃത്വം നൽകിയത് റോബർട്ട് ടോർ റൂസൽ, കാൾ മോൾട്ട് വോൺ ഹെയിൻസ് എന്നീ ആർക്കിടെക്റ്റുമാരായിരുന്നു. പത്ത് ഏക്കറിൽവ്യാപിച്ചു കിടക്കുന്ന പട്ടൗഡി കൊട്ടാരത്തിനു മുറ്റത്ത് വിശാലമായ നീന്തൽകുളവും പൂന്തോട്ടവും ക്രമീകരിച്ചിട്ടുണ്ട്.