തിരുവനന്തപുരം : അനന്തപുരിയുടെ 44-ാമത് മേയറായി ആരെത്തും? നഗരപിതാവെന്ന നിലയിൽ പേരെടുത്ത വി.കെ. പ്രശാന്തിന് പിന്നാലെ നഗരത്തിന്റെ ഭരണചക്രം ആരു തിരിക്കുമെന്ന നഗരവാസികളുടെ ആകാംക്ഷയ്ക്ക് ഇന്ന് ഉച്ചയോടെ വിരാമമാകും. രാവിലെ 11 മണിയോടെ പുതിയ മേയറെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. വരണാധികാരിയായ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായ കെ. ശ്രീകുമാറാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. എം.ആർ. ഗോപൻ ബി.ജെ.പിയുടെയും ഡി. അനിൽകുമാർ യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികളായി മത്സരരംഗത്തുണ്ട്.
ബി.ജെ.പിയും യു.ഡി.എഫും ഒരുമിച്ചൊരു നിലപാടിലെത്തിയാൽ കേവലഭൂരിപക്ഷമില്ലാത്ത എൽ.ഡി.എഫിന് തിരഞ്ഞെടുപ്പ് കടമ്പ കടക്കുകയെന്നത് ശ്രമകരമാണ്. എന്നാൽ നിലവിൽ അത്തരമൊരു സാദ്ധ്യതയില്ല. അങ്ങനെയങ്കിൽ കെ. ശ്രീകുമാർ നഗരത്തിന്റെ പുതിയ മേയറാകും. 100ൽ 43 അംഗങ്ങൾ മാത്രമാണ് എൽ.ഡി.എഫിനുള്ളത്. ബി.ജെ.പിക്ക് 35ഉം യു.ഡി.എഫിന് 21ഉം അംഗങ്ങളുണ്ട്.
വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്തിന്റെ വിജയത്തിന് പിന്നാലെ പ്രതിപക്ഷം ഒറ്റക്കെട്ടായി പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കി പിന്തുണയ്ക്കാൻ ശ്രമം നടത്തിയിരുന്നു. ഇത് ആദ്യഘട്ടത്തിൽ സി.പി.എമ്മിന് വെല്ലുവിളിയായിരുന്നു. സ്വതന്ത്രസ്ഥാനാർത്ഥിയെ പിന്തുണച്ചാൽ അതിൽ രാഷ്ട്രീയം കലരില്ലെന്ന വിശ്വാസത്തിലാണ് പ്രതിപക്ഷം അത്തരമൊരു നീക്കം നടത്തിയത്. ശ്രീകാര്യത്തു നിന്നുള്ള ലതാകുമാരി മാത്രമാണ് നിലവിലുള്ള ഏക സ്വതന്ത്ര. ഇവരെ കളത്തിലിറക്കാൻ ഇരുകൂട്ടരും ശ്രമിച്ചെങ്കിലും ഇടതുപക്ഷത്തിനൊപ്പം നിൽക്കുന്ന ലതാകുമാരി തയ്യാറായില്ല. ഇതോടെയാണ് പൊതുസമ്മതനായുള്ള നീക്കം പൊളിഞ്ഞത്.
പൊതുസ്വതന്ത്ര സ്ഥാനാർത്ഥിയില്ലെങ്കിൽ പ്രതിപക്ഷത്തെ ആരെയെങ്കിലും രംഗത്തിറക്കി പിന്തുണയ്ക്കുക മാത്രമാണ് മറ്റൊരു പോംവഴി. കാലാവധി പൂർത്തിയാക്കാൻ കഷ്ടിച്ച് ഒരു വർഷം മാത്രം ശേഷിക്കെ ഇത്തരത്തിൽ കൈകോർത്താൽ വരുന്ന തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടാകുമെന്നാണ് പ്രതിക്ഷത്തിന്റെ വിലയിരുത്തൽ. തുടർന്നാണ് പ്രതിപക്ഷം സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കുമ്പോഴും സി.പി.എമ്മിനെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നുണ്ടെന്നാണ് ബി.ജെ.പി, യു.ഡി.എഫ് നേതാക്കൾ പറയുന്നത്.