തിരുവനന്തപുരം : തെറ്റായ നികുതി നിശ്ചയിച്ച് മുൻകാല പ്രാബല്യത്തോടെ നഗരസഭ പണം കൊള്ളയടിച്ചെന്ന പരാതിയുമായി ഫ്ലാറ്റുടമകൾ. പൂജപ്പുര മുടവൻമുകളിലെ ഗ്ലെൻ വാലി ഫ്ലാറ്റിലെ ബി, സി ബ്ലോക്കിലുള്ള 31 കുടുംബങ്ങളാണ് നഗരസഭയുടെ നികുതി നിർണയത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഒരേതരത്തിലുള്ള എ, ബി, സി എന്നിങ്ങനെ മൂന്നു ബ്ലോക്കുകളടങ്ങുന്നതാണ് എസ്.ഐ പ്രോപ്പർട്ടീസിന്റെ ഗ്ലെൻവാലി അപ്പാർട്ട്മെന്റ്. ഇതിൽ എ ബ്ലോക്കിന് കൃത്യമായി നികുതി നിശ്ചയിച്ചപ്പോൾ ബി, സി ബ്ലോക്കുകൾക്ക് എ ബ്ലോക്കിന്റെ നികുതിയുടെ ഇരട്ടിയിലധികമാണ് ചുമത്തിയിരിക്കുന്നത്. എ ബ്ലോക്കിൽ ഒരു അപ്പാർട്ട്മെന്റിന് 750 - 1100 വരെ നികുതി ഈടാക്കുമ്പോൾ ബി, സി ബ്ലോക്കിലുള്ള അപ്പാർട്ടുമെന്റുകൾക്ക് 5038 രൂപയാണ് പ്രതിവർഷം നികുതി ഈടാക്കുന്നത്. 2010 -11ലെ മുൻകാലപ്രാബല്യത്തോടെ വൻതുക ഇതിനോടകം നഗരസഭ ഫ്ലാറ്റുടമകളിൽ നിന്ന് ഈടാക്കി കഴിഞ്ഞു. ഡ്രെയിനേജ്, കുടിവെള്ളം തുടങ്ങിയ മതിയായ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രദേശത്ത് ഇത്രയധികം തുക നികുതിയായി ഈടാക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടി
മേയർക്കും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്കും ഫ്ലാറ്റുടമകൾ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഫ്ലാറ്റുടമകളുടെ നികുതി നിർണയത്തെ സംബന്ധിച്ച് മേയർക്ക് നൽകിയ പരാതി പരിശോധിക്കാൻ സെക്രട്ടറിക്കോ അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റിക്കോ കൈമാറണമെന്നാണ് ചട്ടം. എന്നാൽ ഈ പരാതി മേയറുടെ ഓഫീസ് റവന്യു വിഭാഗത്തിനാണ് കൈമാറിയത്. റവന്യു വിഭാഗത്തിലെ ഉദ്യോഗസ്ഥർ വസ്തുതകൾ പരിഗണിക്കാതെ പരാതിയിൽ കഴമ്പില്ലെന്ന റിപ്പോർട്ടാണ് നൽകിയത്. ഇതോടെ നീതിക്കായി സമർപ്പിച്ച പരാതി പരിശോധിക്കുന്നതിലും നഗരസഭയുടെ ഭാഗത്ത് ഗുരുതരവീഴ്ചയുണ്ടായെന്നാണ് ആക്ഷേപം.
മാനദണ്ഡങ്ങൾ ഇങ്ങനെ
1 പാർപ്പിടാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തിവേണം ഫ്ലാറ്റുകൾ, ഹോസ്റ്റൽ തുടങ്ങിയവയുടെ നികുതി കണക്കാക്കേണ്ടത്.
2 ഫ്ലാറ്റും റോഡും തമ്മിലുള്ള അകലം, റോഡിന്റെ വീതി എന്നിവയും നികുതി നിർണയത്തിൽ അടിസ്ഥാനമാക്കണം.
3 അടിസ്ഥാനസൗകര്യങ്ങളനുസരിച്ച് നഗരസഭാപ്രദേശത്തെ മൂന്നുമേഖലകളായി തിരിച്ചിട്ടുണ്ട്. ഇതും കണക്കാക്കണം. ഇതുപ്രകാരം പൂജപ്പുര മുടവൻമുകൾ പ്രദേശം ദ്വിതീയ മേഖലയിലാണ് ഉൾപ്പെടുന്നത്.
(പഴയ 52 വാർഡുകളാണ് പ്രഥമ മേഖലയിലുള്ളത്. കൂട്ടിച്ചേർത്തവ ദ്വിതീയ മേഖലയിലും അവസാനം കൂട്ടിച്ചേർത്തവ ത്രിതീയ മേഖലയിലും ഉൾപ്പെടുന്നു)
നികുതി നിർണയത്തിലെ വീഴ്ച ഇങ്ങനെ
2011ലെ കേരള മുനിസിപ്പാലിറ്റി വസ്തുനികുതിയും സേവന ഉപനികുതിയും സർചാർജും ചട്ടം പരിശോധിച്ചാൽ ഗ്ലെൻവാലിയിലെ ബി, സി ബ്ലോക്കുകളിലെ ഫ്ലാറ്റുടമകൾക്ക് നികുതി നിശ്ചയിച്ചതിൽ വീഴ്ച സംഭവിച്ചതായി ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നു. ചട്ടത്തിന്റെ 223-ാം വകുപ്പ് 2-ാം ഉപവകുപ്പ് പ്രകാരം ചില മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് നികുതി നിശ്ചയിക്കേണ്ടത്.
ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലല്ല ഗ്ളെൻവാലിയിലെ ബി, സി ബ്ലോക്കുകളുടെ നികുതി നിർണയം നടത്തിയിരിക്കുന്നത്.