തിരുവനന്തപുരം: തെരുവുനായ്ക്കളുടെ ശല്യം കൂടുന്നുവെന്ന് പരാതികളുയരുമ്പോഴും എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി അധികൃതരെ കുഴക്കുന്നത് വന്ധ്യംകരിക്കാത്ത നായ്ക്കളെ എങ്ങനെ കണ്ടുപിടിക്കും എന്നതാണ്. തെരുവുനായ്ക്കളെ തെരഞ്ഞുപിടിച്ച് വന്ധ്യംകരണം നടത്താനുള്ള മാർഗങ്ങൾ ഫലപ്രദമല്ലെന്ന് ആരോപണങ്ങളുയരുന്നുണ്ട്. ഈ വർഷം ജൂൺ മുതൽ ആഗസ്റ്ര് വരെ 1500 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്.
എന്നാൽ ഇതിലും ഇരട്ടിയാണ് വന്ധ്യംകരിക്കാത്തവ എന്നതാണ് വാസ്തവം. നിലവിൽ പേട്ടയിലും തിരുവല്ലത്തുമാണ് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്താനുള്ള ആശുപത്രി പ്രവർത്തിക്കുന്നത്. ഇവിടെ ഓരോ മാസവും ശരാശരി 400 നായ്ക്കളെ വന്ധ്യംകരിക്കുന്നുണ്ടെന്നാണ് കണക്ക്. കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്നും നഗരസഭ ഏർപ്പെടുത്തിയ കരാർ ജീവനക്കാർ വഴിയുമാണ് നായ്ക്കളെ പിടികൂടുന്നത്. ശസ്ത്രക്രിയ നടന്ന നായ്ക്കളെ ഒരാഴ്ചയോളം ഇവിടെ താമസിപ്പിച്ചതിന് ശേഷമാണ് വിട്ടയയ്ക്കുന്നത്. 2016 മുതൽ നായ്ക്കളുടെ ജനന നിയന്ത്രണ പദ്ധതിക്കായി 3 കോടി രൂപ ചെലവിട്ടുകഴിഞ്ഞു. പദ്ധതി കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ ശ്രീകാര്യത്ത് പുതിയ ആശുപത്രി ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്.
പരിഹാരമില്ലാതെ തെരുവുനായ ശല്യം
പദ്ധതികൾ കൃത്യമായി നടപ്പാക്കുന്നുവെന്ന് അധികാരികൾ അവകാശപ്പെടുമ്പോഴും നഗരം കീഴടക്കി തെരുവുനായ്ക്കൾ വിലസുകയാണ്. ആളൊഴിഞ്ഞ പറമ്പുകൾ, ചന്തകൾ, പാർക്കുകൾ, കടവരാന്തകൾ, തിരക്കേറിയ റോഡിന്റെ വശങ്ങൾ, പണി നടക്കുന്ന കെട്ടിടങ്ങൾ തുടങ്ങി ഇവയില്ലാത്ത സ്ഥലമില്ലാതായി നഗരത്തിൽ. വാഹനങ്ങൾക്ക് മുൻപിൽ പൊടുന്നനെ എടുത്തുചാടുന്ന നായ്ക്കളെ ഇടിക്കാതിരിക്കാൻ വെട്ടിക്കുമ്പോൾ അപകടമുണ്ടാകുന്നത് നിത്യ സംഭവമണ്. വിദ്യാർത്ഥികളുൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് കടിയേൽക്കുന്നതും പതിവാണ്. രണ്ടാഴ്ച മുൻപാണ് കരമന ഭാഗത്ത് 15 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റത്. നിരവധിപേരാണ് ദിവസേന ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നതും. പേരൂർക്കട, പേട്ട, കരമന, ശ്രീകാര്യം, വഞ്ചിയൂർ, മ്യൂസിയം പരിസരം, ചാല മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നായ്ക്കൾ കൂട്ടമായാണ് വിഹരിക്കുന്നത്.
പ്രശ്നം മാലിന്യം തന്നെ
നായ്ക്കളെപ്പറ്റി പരാതി പറയുന്നവരിൽ ഭൂരിപക്ഷവും മാലിന്യത്തെപ്പറ്റി ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. മാലിന്യം തള്ളുന്ന റോഡുകളിലാണ് തെരുവുനായ്ക്കളുടെ ശല്യം കൂടുതലെന്ന് പകൽപോലെ വ്യക്തമാണ്. ഇറച്ചിമാലിന്യങ്ങളടക്കം റോഡിന്റെ വശങ്ങളിലും ആളൊഴിഞ്ഞ പറമ്പുകളിലും നിക്ഷേപിക്കുന്നതാണ് നായശല്യത്തിന്റെ പ്രധാനകാരണം. മിക്ക കടകളും വൈകുന്നേരങ്ങളിൽ മാലിന്യങ്ങൾ കടയ്ക്ക് സമീപം കൂട്ടിയിടുന്നു. മത്സ്യവില്പനക്കാരും ഇതിൽപെടും. നഗരത്തിലുൾപ്പടെ മാലിന്യസംസ്കരണം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്.
റസി. അസോസിയേഷനുകൾക്ക് ചെയ്യാനുണ്ടേറെ
റസിഡന്റ്സ് അസോസിയേഷനുകൾക്ക് തെരുവുനായ ശല്യം കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കാനാകും. കൂട്ടമായി നായ്ക്കൾ തമ്പടിക്കുന്ന സ്ഥലം എ.ബി.സി അധികൃതരെ അറിയിക്കണം. വിവരം ലഭിച്ചാൽ മൃഗഡോക്ടറുൾപ്പെടെയുള്ള സംഘം എത്തി അവയെ പിടികൂടി വന്ധ്യംകരണം നടത്തി പിടികൂടിയ സ്ഥലത്തുതന്നെ ഇറക്കിവിടും. തങ്ങളുടെ പരിസരത്ത് മാലിന്യങ്ങൾ നിക്ഷേപിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. വന്ധ്യംകരണം നടത്താത്ത നായ്ക്കളെ തിരിച്ചറിയാനും വഴിയുണ്ട്. ശസ്ത്രക്രിയ നടത്തിയ നായ്ക്കളുടെ ചെവി 'വി' ഷേപ്പിൽ മുറിച്ചിട്ടുണ്ടാകും. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് എ.ബി.സി അധികൃതർ റസിഡന്റ്സ് അസോസിയേഷനുകൾക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് നോഡൽ ഓഫീസർ ഡോ. ശ്രീരാജ് പറഞ്ഞു.