തലസ്ഥാനത്ത് ചിത്രീകരണം പുരോഗമിക്കുന്ന വണ്ണിൽ രണ്ട് ദിവസം അഭിനയിച്ച ശേഷം മമ്മൂട്ടി എറണാകുളത്തേക്ക് മടങ്ങി. മാമാങ്കത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത ശേഷം മമ്മൂട്ടി അടുത്ത ശനിയാഴ്ച തലസ്ഥാനത്ത് തിരിച്ചെത്തും. ഞായറാഴ്ച മുതൽ മമ്മൂട്ടി വീണ്ടും വണ്ണിന്റെ ഷൂട്ടിംഗിൽ പങ്കെടുത്ത് തുടങ്ങും. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽലായിരിക്കും നവംബർ 17 ഞായറാഴ്ച വണ്ണിന്റെ ഷൂട്ടിംഗ്.
ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിച്ച് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്ണിന്റെ രചന നിർവഹിക്കുന്നത് ബോബി - സഞ്ജയ് ടീമാണ്.
ഡിസംബർ 25 വരെ വണ്ണിന്റെ ഷൂട്ടിംഗ് തലസ്ഥാനത്ത് തുടരും. വൺ പൂർത്തിയാക്കിയശേഷം ഏതുചിത്രത്തിലാണ് അഭിനയിക്കുന്നതെന്ന കാര്യത്തിൽ മമ്മൂട്ടി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. രണ്ട് നവാഗത സംവിധായകരുടെ ചിത്രങ്ങളും കെ. മധു - എസ്.എൻ. സ്വാമി ടീമിന്റെ സി.ബി.െഎ ഡയറിക്കുറിപ്പിന്റെ അഞ്ചാംഭാഗവുമാണ് വണ്ണിനുശേഷം മമ്മൂട്ടിയുടെ ഡേറ്റ് കാത്തിരിക്കുന്ന ചിത്രങ്ങൾ.
അമൽ നീരദ് സംവിധാനം ചെയ്യുന്ന ബിഗ് ബി യുടെ രണ്ടാംഭാഗമായ ബിലാലും അടുത്തവർഷം ആദ്യം ചിത്രീകരണം ആരംഭിക്കാൻ നീക്കമുണ്ട്. പേരൻപിനുശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടിയാണ് നായകനാകുന്നത്. സന്ദീപ് സേനനും അനീഷ് എം. തോമസും ചേർന്ന് ഉർവശി തിയേറ്റേഴ്സിന്റെ ബാനറിൽ നിർമ്മിച്ച് സജീവ് പാഴൂരിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് അടുത്തവർഷത്തെ മമ്മൂട്ടിയുടെ മെഗാ പ്രോജക്ടുകളിലൊന്ന്. സെൻട്രൽ പിക്ചേഴ്സ് നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രവും അടുത്തവർഷത്തിന്റെ ആദ്യപകുതിയിൽ തുടങ്ങും. ഡോ. ഇക്ബാൽ കുറ്റിപ്പുറമാണ് ഇൗ ചിത്രത്തിന് രചന നിർവഹിക്കുന്നത്.