തിരുവനന്തപുരം: പാസ്പോർട്ട് അപേക്ഷ പരിശോധനയുടെ പേരിൽ സംസ്ഥാന പൊലീസിന്റെ ഡാറ്റാബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായി ആഭ്യന്തരവകുപ്പ് തുറന്നു നൽകിയ നടപടി വിവാദത്തിൽ. ഒക്ടോബർ 29ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവാണ് വിവാദത്തിലായത്. പാസ്പോർട്ട് പരിശോധനയ്ക്കുള്ള സോഫ്റ്റ്‌വെയർ പദ്ധതിക്കായി കേന്ദ്രഫണ്ടിൽ നിന്ന് 35 ലക്ഷം അനുവദിക്കാൻ ഉത്തരവിട്ടിരുന്നു. അതീവ പ്രധാന്യമുളള ക്രൈം ആന്റ് ക്രിമിനൽ ട്രാക്കംഗ് നെറ്റ്‍വർക് സിസ്റ്റത്തിലെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ കഴിയുന്ന തരത്തിലുള്ള സ്വതന്ത്രാനുമതിയാണ് നൽകിയത്. സി.പി.എം നിയന്ത്രണത്തിലുള്ളതാണ് സൊസൈറ്റി.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മുതൽ കുറ്റവാളികൾ വരെയുളളവരുടെ മുഴുവൻ വിശദാംശങ്ങളും ഇതിലൂടെ ഊരാളുങ്കൽ സൊസൈറ്റിയുടെ സോഫ്റ്റ് വെയർ നിർമാണ യൂണിറ്റിന് ലഭിക്കും. അതിരഹസ്യഫയലുകളുൾപ്പെടെ കൈകാര്യം ചെയ്യുന്ന ഡാറ്റാബേസിൽ സമ്പൂർണ സ്വാതന്ത്ര്യം അനുവദിച്ചത് കടുത്ത സുരക്ഷാവീഴ്ചയെന്ന് സൈബർ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഊരാളുങ്കലിന് ഡാറ്റാ ബേസിലെ മുഴുവുൻ വിവരങ്ങളും കിട്ടില്ലെന്നും പാസ്പോർട്ടുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മാത്രമാണ് അനുമതിയെന്നുമാണ് ഡി.ജി.പിയുടെ വിശദീകരണം.
കേരള പൊലീസിന്റെ പാസ്പോർട്ട് പരിശോധന അടക്കമുള്ള സുപ്രധാന ജോലികൾ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ ആപ് വഴി ആക്കാനാണ് നീക്കം. എന്നാൽ, ടെണ്ടർ പോലും വിളിക്കാതെ ഊരാളുങ്കലിനു കോടികളുടെ ഇടപാടു കൈമാറുന്നതിൽ ഒരു വിഭാഗം ഉദ്യോഗസ്ഥർക്ക് എതിർപ്പുണ്ട്. സംസ്ഥാന പൊലീസിന്റെ കൈവശമുള്ള ക്രൈം ഡാറ്റ മുഴുവൻ സ്വകാര്യ ഏജൻസിക്കു കൈമാറുന്നത് സുരക്ഷാ വിഷയങ്ങളും ഉയർത്തുമെന്ന് ഇവർ ആരോപിക്കുന്നു. പാസ്പോർട്ട് പരിശോധന, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, നിരാക്ഷേപ പത്രം നൽകൽ എന്നിവയ്ക്ക് ബ്ലോക്ക് ചെയിൻ അധിഷ്ഠിത സാങ്കേതികവിദ്യ ഉപയോഗിക്കുമെന്ന് പൊലീസ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.