maharashtra-

മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ പ്രതിസന്ധി തുടരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളുമായി എൻ.സി.പി നേതൃത്വം ഇന്ന് ചർച്ച നടത്തും. ഗവർണറെ ശിവസേന കണ്ടതിന് പിന്നാലെ സഖ്യത്തിൽ വ്യക്തമായ തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച്ചയിലാണ് നേതാക്കൾ തീരുമാനമാവാതെ പിരിഞ്ഞത്. അതേസമയം, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ സോണിയാ ഗാന്ധിയെ വിളിച്ച് പിന്തുണ ആവശ്യപ്പെട്ടിരുന്നു. ശിവസേന നേതാക്കൾ ആദിത്യ താക്കറെയുടെ നേതൃത്വത്തിൽ ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടു.

സർക്കാരുണ്ടാക്കാൻ ശിവസേന അവകാശവാദമുന്നയിച്ചിട്ടുണ്ട്. സർക്കാർ രൂപീകരണത്തിനുള്ള സമയം ഗവർണർ നീട്ടിനൽകാതിരുന്ന ശിവസേനയും തിരക്കിട്ട നീക്കങ്ങളിലാണ്. എൻ.ഡി.എ ബന്ധം തത്വത്തിൽ ഉപേക്ഷിച്ച സേനയ്ക്ക് എൻ.സി.പിയുമായി സഹകരിക്കുകയേ വഴിയുള്ളു. ഇന്നലെ രാത്രി മൂന്നുവട്ടമാണ് ഉദ്ധവ് താക്കറെ ശരദ് പവാറുമായി ഫോണിൽ സംസാരിച്ചത്. ശിവസേനക്കൊപ്പം ചേർന്നാണ് എൻ.സി.പിക്ക് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കേണ്ടതെന്നും ഇക്കാര്യങ്ങൾ സംസാരിച്ച് ധാരണയിലെത്തുന്നതിന് സമയമെടുത്തേക്കുമെന്നുമാണ് സൂചനകൾ. ഇന്ന് 11 മണിയോടെ മുതിർന്ന നേതാക്കളായ മല്ലികാർജ്ജുൻ ഗാർഗെയും ശരദവ് പവാറും തമ്മിൽ സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകൾക്കായി യോഗം ചേരും.

എന്നാൽ, സർക്കാർ രൂപീകരണത്തിന് കോൺഗ്രസും എൻ.സി.പിയും തയ്യാറാവാത്ത പക്ഷം രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കാൻ കഴിയാത്തതിനാൽ മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിംഗ് കോശിയാരി തള്ളുകയും എൻ.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയിൽ സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ എല്ലാ ശ്രമവും പൊളിഞ്ഞു. ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിലാണ് എൻ.സി.പിയെ ഗവർണർ ക്ഷണിച്ചത്.