novel-red

വടക്കേ കോവിലകത്തിന്റെ നിലവറയ്ക്കുള്ളിലായിരുന്നു ശ്രീനിവാസ കിടാവും ശേഖരകിടാവും പിന്നെയൊരു പരിചാരകനും.

വിശ്വസ്തനായ പരിചാരകനെ അവർക്ക് ഏർപ്പാടു ചെയ്തു കൊടുത്തത് അഡ്വക്കേറ്റ് ശ്യാംമോഹൻ ആയിരുന്നു.

അത്യാവശ്യം വേണ്ട ഭക്ഷണസാധനങ്ങളും മറ്റുമായി നിലവറയിൽ നിന്നു പുറത്തേക്കുള്ള തുരങ്കം വഴിയാണ് അവർ അകത്തെത്തിയത്.

തുരങ്കത്തിന്റെ അവസാനം കരുളായി പുഴക്കരയിലെ പാറക്കൂട്ടത്തിനടിയിലായിരുന്നു.

നിറയെ പൊന്തക്കാടുകളും പാമ്പുകളും ഉള്ള സ്ഥലം. കരയിലൂടെ വന്ന് ഒരിക്കലും അവിടെ എത്തിപ്പെടാൻ കഴിയില്ലായിരുന്നു.

അതിനാൽ കഴിഞ്ഞ അർദ്ധരാത്രിയോടെ ഒരു കൊച്ചു വള്ളത്തിൽ പുഴയിലൂടെ അവർ പാറക്കൂട്ടത്തിനരുകിൽ എത്തുകയായിരുന്നു...

അവിടെ നിന്ന് മാറാലകളും നരിച്ചീറുകളുമുള്ള തുരങ്കത്തിലൂടെ വളരെ ബുദ്ധിമുട്ടിയാണ് നിലവറയിൽ എത്തിയത്.

സി.ഐ അലിയാരും മറ്റും അടച്ച തുരങ്കത്തിന്റെ വാതിൽ വീണ്ടും പൊളിക്കുവാൻ അവർക്ക് ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല.

പക്ഷേ തുരങ്കത്തിൽ വച്ച് പലതവണ പാമ്പുകളെ കണ്ടു എന്നതായിരുന്നു ഏറെ തടസ്സം.

ചിലതൊക്കെ വെളിച്ചം കണ്ടപ്പോൾ ചെറിയ മാളങ്ങളിലൊളിച്ചു.

വേറെ ചിലതിനെ പരിചാരകൻ തല്ലിക്കൊന്നു.

രാമഭദ്രൻ തമ്പുരാൻ ജീവിച്ചിരുന്ന സമയത്തുപോലും ശ്രീനിവാസ കിടാവ് ഇവിടെ വന്നിട്ടുണ്ട്. നിലവറയിൽ നിന്നു പലതും കൊള്ളയടിക്കുകയും ചെയ്തിട്ടുണ്ട്.

മോഷണ വിവരം മനസ്സിലാക്കിയതിനു ശേഷമാവണം രാമഭദ്രൻ തമ്പുരാൻ തുരങ്കം അടച്ചത്.

തങ്ങൾ കൊണ്ടുവന്ന മെഴുകുതിരികളിൽ ഒന്ന് പരിചാരകൻ ഒരു കല്ലറയുടെ പുറത്ത് കത്തിച്ചുവച്ചു...

നിലവറയിൽ വെളിച്ചം പരന്നു. അതേ കല്ലറയ്ക്കു മീതെ കയറിയിരുന്നു ശ്രീനിവാസ കിടാവ്. പിന്നെ അതിൽ കൈകൊണ്ട് ഒന്നടിച്ചു.

''ഇതിനുള്ളിലേതാ ശേഖരാ നമ്മൾ വാരിക്കൊണ്ടു പോയത്. നമ്മുടെ എല്ലാ ഐശ്വര്യങ്ങളുടെയും തുടക്കവും ഇവിടെ നിന്നായിരുന്നു."

കിടാവ് ദീർഘമായി ഒന്നു നിശ്വസിച്ചു.

''എന്നാൽ ഇപ്പോൾ വീണ്ടും നമുക്ക് തൽക്കാലം പിടിച്ചുനിൽക്കണമെങ്കിൽ ഒന്നു മുതൽ തുടങ്ങണം. അതിന് ഈ കല്ലറകൾ മുഴുവൻ പൊളിക്കേണ്ടിവന്നാൽ നമ്മൾ അതും ചെയ്യും."

''പിന്നെയല്ലാതെ." ശേഖരകിടാവ് പിന്താങ്ങി. ''ഒരുത്തന്റെയും മുന്നിൽ നമ്മൾ തോൽക്കില്ല. പിന്നെ തൽക്കാലത്തെ ഈ അജ്ഞാതവാസം. ദൈവങ്ങൾക്കു പോലും, എന്തിന്.. ദേവേന്ദ്രനു പോലും ഒളിച്ചുതാമസിക്കേണ്ടി വന്നിട്ടില്ലേ? അതിനുശേഷം പൂർവ്വാധികം ശക്തിയോടെ ഉയിർത്തെഴുന്നേറ്റിട്ടില്ലേ?"

അതുകേട്ട് കിടാവു ചിരിച്ചു.

''നമ്മളും ഉയിർത്തെഴുന്നേൽക്കും. അതു പക്ഷേ ശത്രുക്കളെ അമർച്ച ചെയ്തതിനു ശേഷം മാത്രം. ഇവിടെയിരുന്നുകൊണ്ട് നമ്മൾ എല്ലാം പ്ളാൻ ചെയ്യും."

അയാൾ പരിചാരകനു നേരെ തിരിഞ്ഞു.

''യശോധരാ.. നിന്റെ സഹായമാണ് ഞങ്ങൾക്ക് ഏറെ വേണ്ടത്. നിന്നെ ഒരുത്തനും സംശയിക്കില്ല. ആവശ്യമുള്ളപ്പോൾ നിന്നെ ഞങ്ങൾ പുറത്തേക്കയയ്ക്കും. വള്ളം പൊന്തക്കാടുകൾക്കിടയിൽ കെട്ടിയിട്ടിരിക്കുന്നതിനാൽ ഒരാളും കണ്ടുപിടിക്കത്തുമില്ല."

കിടാവ് ഒന്നു നിർത്തി, ആർത്തി തിളങ്ങുന്ന യശോധരന്റെ കണ്ണുകളിലേക്കു നോക്കിയിട്ടു തുടർന്നു:

''പിന്നെ ഇവിടെ നിന്നു നമ്മൾ മടങ്ങുന്ന ദിവസം.. അന്ന് നീ കോടീശ്വരനായിരിക്കും. നിലമ്പൂരെ ഏതൊരു വലിയ പണക്കാരനെയും പോലെ നീയും അന്തസ്സായി ജീവിക്കും. ആഡംബരത്തോടെ..."

യശോധരന് തന്റെ ശരീരത്തിൽ കുളിരുണ്ടാകുന്നതു പോലെ തോന്നി.

''മതി കിടാവുസാറേ. എനിക്കതു മതി. ഇത്രയും കാലം എന്നെ പരിഹസിച്ചിരുന്നവർക്ക് ഒരു മറുപടി. അതാണെന്റെ ലക്ഷ്യം. ഞാൻ സാറിന്റെ വാലാട്ടി നടന്നിട്ട് എന്തുകിട്ടിയെന്നു ചോദിക്കുന്ന ഒത്തിരി അവന്മാരുണ്ട് നമ്മുടെ നാട്ടിൽ. അവന്മാർക്കു മുന്നിൽ എനിക്ക് കാണിച്ചുകൊടുക്കണം, സാറിന്റെ കൂടെ നടന്നതിന്റെ ഗുണം."

''അത് നടന്നിരിക്കും യശോധരാ." പറഞ്ഞത് ശേഖരനാണ്.

ഒപ്പം അയാൾ യശോധരൻ കാണാതെ ശ്രീനിവാസ കിടാവിനെ നോക്കി കണ്ണിറുക്കുകയും ചെയ്തു.

ഇവനറിയില്ലല്ലോ എല്ലാം കഴിഞ്ഞു കഴിയുമ്പോൾ ഈ കല്ലറകളിൽ ഒന്നിൽ അന്ത്യവിശ്രമം കൊള്ളുമെന്ന്.

യശോധരൻ ആർത്തിയോടെ ചുറ്റും നോക്കുകയായിരുന്നു. ഓരോ കല്ലറയിലേക്കും.

''എങ്കിൽ ഇന്നുമുതൽ നമുക്ക് പൊളിച്ചു തുടങ്ങിയാലോ സാറേ?" അയാൾക്കു തിടുക്കമായി.

''ഇന്നുവേണ്ടാ. ഏതാനും ദിവസത്തെ ക്ഷീണമുണ്ട്. ഇന്ന് ശരിക്കുറങ്ങണം. ഈ കല്ലറകളാണ് നമ്മുടെ കട്ടിൽ. ഇതിനു മുകളിൽ മെത്തയുണ്ടെന്നു കരുതി നമ്മളങ്ങു കിടക്കും."

കിടാവു ചിരിച്ചു.

''ങ്‌ഹാ. ഓരോന്ന് ഒഴി​ക്ക് യശോധരാ.

യശോധരൻ തങ്ങൾ കൊണ്ടുവന്ന മദ്യക്കുപ്പി​യും വെള്ളവും ഗ്ളാസും റോസ്റ്റു ചെയ്ത കപ്പലണ്ടി​യും എടുത്തു.

മൂവരും ഓരോ പെഗ്ഗ് അകത്താക്കി​. പെട്ടെന്ന് ഒരു ശബ്ദം...

തുരങ്ക വാതി​ൽക്കലേക്കു നോക്കി​യ മൂവരും നടുങ്ങി​പ്പോയി​...

(തുടരും)