കൊല്ലം : തമിഴ്നാട്ടിലെ കുപ്രസിദ്ധമായ തിരുട്ടുഗ്രാമത്തിൽ നിന്നും മോഷണത്തിൽ വിദഗ്ദ്ധരായ ഒരു സംഘം കൊല്ലം ജില്ലയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ചെങ്കോട്ടയിൽ നിന്നും ട്രെയിൻ മാർഗം ഇവർ കൊല്ലം ജില്ലയിലെത്തിയതായിട്ടാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. അടുത്തിടെ കൊല്ലം അഞ്ചലിൽ എസ്.പിയുടെ വീട്ടിൽ മോഷണം നടത്തിയത്, ഇതു കൂടാതെ ജില്ലയിൽ അടുത്തിടെ നടന്ന മൂന്ന് വൻ മോഷണത്തിന് പിന്നിലും ഈ സംഘമാണെന്ന് പൊലീസ് കണ്ടെത്തി. ഇതേ തുടർന്ന് തിരുട്ടുസംഘത്തെ പിടികൂടാൻ പ്രത്യേക പൊലീസ് സംഘത്തെ എസ്.പി ഹരിശങ്കർ നിയോഗിച്ചു.
തിരുട്ടു ഗ്രാമത്തിൽ നിന്നും കൊല്ലം ഭാഗത്തേയ്ക്ക് പതിനൊന്ന് പേർ എത്തിയതായിട്ടാണ് ലഭിക്കുന്ന വിവരം. പകൽ സമയത്ത് വീടുകൾ നോക്കി വച്ച ശേഷം രാത്രികാലങ്ങളിലെത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. ഇരുളിൽ മറഞ്ഞു നിന്നാണ് ഇവർ മോഷണം നടത്തുന്നത്. അടിവസ്ത്രം മാത്രം ധരിച്ചെത്തുന്ന ഇവർ ദേഹമാസകലം കറുത്ത ചായം പൂശും. എതിർക്കുന്നവരെ ആക്രമിക്കുന്ന സ്വഭാവവും ഇക്കൂട്ടർക്കുണ്ട്. ചെങ്കോട്ടയിൽ നിന്നും ട്രെയിൻമാർഗം കേരളത്തിലെത്തുന്ന ഇവർ തെക്കൻ കേരളത്തിലാണ് കൂടുതലും കവർച്ചയ്ക്കായി തങ്ങുന്നത്. ചെങ്കോട്ട വഴി കവർച്ചയ്ക്ക് ശേഷം എളുപ്പത്തിൽ നാട്ടിലേക്ക് കടക്കാം എന്നതിനാലാണിത്. തിരികെ നാട്ടിലെത്തിയാൽ കവർച്ചക്കാരെ താവളത്തിലെത്തി പിടികൂടുന്നത് പൊലീസിന് ഏറെ പ്രയാസകരമാണ്. പൊലീസ് പിടിയിലായാൽ ജാമ്യത്തിലെടുക്കുന്നതിനുള്ള സംവിധാനം വരെ ഒരുക്കിയാണ് തിരുട്ടുഗ്രാമത്തിലെ കവർച്ചക്കാർ എത്തുന്നത്. കവർച്ചയ്ക്ക് മുൻപ് പൂജ നടത്തുന്ന രീതിയും ഇവർക്കുണ്ട്.