കൊച്ചി: മഞ്ചിക്കണ്ടിയിൽ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാലു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഹൈക്കോടതിയുടെ അനുമതി. മാവോയിസ്‌റ്റും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അന്വേഷണം വേണമെന്നും സാഹചര്യവും മരണകാരണവും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മാവോയിസ്‌റ്റുകളുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. കൊല്ലപ്പെട്ട മണിവാസകം, കാർത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹൈക്കോടതിയെ സമീപിച്ചത്. മഞ്ചിക്കണ്ടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും പൊലീസുകാർക്കെതിരെ കേസ് എടുത്ത് അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഇതുപരിശോധിച്ച ശേഷമാണ് പൊലീസുകാർ മുൻപ് കുറ്റകൃത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങൾ പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തണം. പരിശോധനാഫലം ഉടൻ സെഷൻസ് കോടതിക്കു കൈമാറണം. കൊല്ലപ്പെട്ടവരുടെ വിരലടയാളങ്ങൾ ശേഖരിക്കണം തുടങ്ങിയ നിർദേശങ്ങളും കോടതി മുന്നോട്ടു വച്ചിട്ടുണ്ട്.