mob-lynching

കോട്ടയ്ക്കൽ: മലപ്പുറത്ത് ആൾക്കൂട്ട ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയിൽ വീട്ടിൽ ഹൈദരലിയുടെ മകൻ ഷാഹിർ (22) ആണ് ചൊവ്വാഴ്ച പുലർച്ചെ ഒരുമണിയോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ഷാഹിർ ആത്മഹത്യ ചെയ്തത് അറിഞ്ഞതിനു പിന്നാലെ പെൺസുഹൃത്ത് ഷാഹിനയും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ നില അതീവഗുരുതമായി തുടരുകയാണ്.

പെൺകുട്ടിയുമായി ഷാഹിർ പ്രണയത്തിലായിരുന്നെന്നും വാർത്തകളുണ്ടായിരുന്നു. ഇതറിഞ്ഞ പെൺകുട്ടികളുടെ ബന്ധുകൾ ഷാഹിറിനെ സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. നബിദിന പരിപാടികൾ കാണാനാണ് പുതുപ്പറമ്പ് മൈതാനത്ത് ഷാഹിറും സഹോദരനും സുഹൃത്തുക്കളും എത്തിയിരുന്നത്. ഈ സമയത്താണ് ഷാഹിറിന് ഫോൺ കോൾ വരികയും പിന്നാലെ ഒരു സംഘം എത്തി,​ രണ്ടുമണിക്കൂറോളം ഷാഹിറിനെ തടഞ്ഞുവച്ച് മർദ്ദിക്കുകയായിരുന്നു.

ഇതിൽ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തതെന്ന് ഷാഹിറിന്റെ ബന്ധുക്കൾ ആരോപിച്ചു. മർദ്ദനത്തിൽ മനംനൊന്ത ഷാഹിർ വീട്ടിൽ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാഹിർ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിറുത്തുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയോടെയാണ് മരിച്ചത്.