amit-sha-

ന്യൂഡൽഹി : നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷവും പതിവിന് വിപരീതമായി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ മൗനമാണ് ഇക്കുറി രാഷ്ട്രീയ വിദഗ്ദ്ധർ ഏറെ ചർച്ചചെയ്തത്. ഏത് വിധേനയും സർക്കാർ രൂപീകരിക്കുന്ന പതിവ് രീതികളിൽ നിന്നും വിഭിന്നമായി ഇടഞ്ഞു നിൽക്കുന്ന ശിവസേനയെ ഒരു പാഠം പഠിപ്പിക്കുവാനാണ് ബി.ജെ.പി നേതൃത്വം ഇക്കുറി ശ്രമിച്ചത്. എന്നാൽ രാഷ്ട്രീയ ചാണക്യനെന്ന പേരിൽ ബി.ജെ.പിയുടെ തന്ത്രങ്ങൾക്ക് മൂർച്ച കൂട്ടുന്ന ബി.ജെ.പി അദ്ധ്യക്ഷൻ ഇക്കുറി മൗനം പാലിച്ചതെന്തിന്, രാഷ്ട്രീയ വിശകലനങ്ങൾ ഇപ്രകാരമാണ്.

വീണുടഞ്ഞ് ശിവസേന

2014ൽ നിന്നും വിഭിന്നമായി ഇക്കുറി ബി.ജെ.പിക്കൊപ്പം തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായിട്ടാണ് ശിവസേന മത്സരിച്ചത്. കഴിഞ്ഞ അഞ്ചുവർഷവും ഭരണത്തിൽ ബി.ജെ.പിക്കൊപ്പമുണ്ടായിരുന്നെങ്കിലും നോട്ടുനിരോധനത്തിലടക്കം മോദി സർക്കാരിന്റെ നയങ്ങളെ പാർട്ടി മുഖപത്രമായ സാമ്നയിലൂടെ നിശിതമായി വിമർശിക്കുവാനാണ് ശിവസേന ശ്രമിച്ചിരുന്നത്. എന്നാൽ ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃമികവിൽ ഇക്കുറി ബി.ജെ.പി സീറ്റുകൾ തൂത്തുവാരുമെന്ന സർവ്വേ ഫലങ്ങൾ പുറത്തു വന്നതോടെ ശിവസേന ബി.ജെ.പിക്കൊപ്പം മത്സരിക്കാനിറങ്ങുകയായിരുന്നു. സീറ്റു വിഭജനത്തിലടക്കം മുൻപില്ലാത്ത തരത്തിൽ രമ്യതയിൽ എത്താനും ഇരുപാർട്ടിക്കുമായി. എന്നാൽ പ്രചരണത്തിനിറങ്ങിയപ്പോഴേക്കും ശിവസേന തങ്ങളുടെ യുവ നേതാവായ ആദിത്യ താക്കറയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടുവാൻ ആരംഭിച്ചിരുന്നു.

മുന്നണി സംവിധാനത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്കും ശിവസേനക്കും വ്യക്തമായ മേൽക്കൈയോടെ ഭരണത്തിലേറാൻ കഴിയുന്ന ഫലമാണ് മറാത്തയുടെ മണ്ണ് നൽകിയത്. എന്നാൽ സീറ്റുവിഭജന സമയത്ത് മൗനം പാലിച്ച ശിവസേന മുഖ്യമന്ത്രി കസേരയ്ക്കായി വിലപേശൽ ആരംഭിച്ചതോടെയാണ് പതിവിന് വിപരീതമായി കളം മാറ്റി ചവിട്ടാൻ ബി.ജെ.പി ശ്രമിച്ചത്. സർക്കാരുണ്ടാക്കാൻ തങ്ങളില്ലെന്ന വ്യക്തമായ സന്ദേശം ഗവർണർക്ക് കൈമാറുവാനായിരുന്നു ഡൽഹിയിൽ നിന്നും പാർട്ടി സംസ്ഥാന നേതൃത്വത്തിന് ലഭിച്ച നിർദ്ദേശം. പിന്നാലെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്ന അവകാശ വാദത്തെ ഉയർത്തിപ്പിടിച്ച ശിവസേന എൻ.സി.പി വഴി കോൺഗ്രസ് പിന്തുണയ്ക്ക് ശ്രമിച്ചു.

കേന്ദ്രത്തിൽ ബി.ജെ.പിക്കൊപ്പം ഭരണം പങ്കിടുന്ന ശിവസേന ആ ബാന്ധവം ഉപേക്ഷിക്കണമെന്ന വ്യവസ്ഥയാണ് എൻ.സി.പി മുന്നോട്ട് വച്ചത്. ഇതേ തുടർന്ന് ശിവസേന തങ്ങളുടെ കേന്ദ്രമന്ത്രിയായ അരവിന്ദ് സാവന്തിനെ രാജിവയ്പിച്ചു. കോൺഗ്രസുമായുള്ള ചർച്ചയ്ക്ക് എൻ.സി.പിയാണ് മുൻകൈ എടുത്തത്. എന്നാൽ രാവേറെയായിട്ടും അനുകൂലമായ നീക്കങ്ങളുണ്ടാവാതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി മോഹം ശിവസേന ഉപേക്ഷിക്കുകയായിരുന്നു. ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ ഉത്തരത്തിലിരുന്ന മുഖ്യമന്ത്രി സ്ഥാനം കിട്ടിയതുമില്ല കക്ഷത്തിലിരുന്ന കേന്ദ്രമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും ചെയ്തു എന്ന അവസ്ഥയിലാണ് ശിവസേന. ആശയങ്ങൾക്ക് പ്രാധാന്യം നൽകി അധികാരങ്ങളുടെ പിന്നാലെ പോകാതിരുന്ന താക്കറെ കുടുംബത്തിന് വൻ തിരിച്ചടി നൽകാൻ അമിത് ഷായുടെ തന്ത്രത്തിലൂടെ ബി.ജെ.പിക്കായി.

politics

അടിയുലഞ്ഞ് എൻ.സി.പി

അധികാരത്തിന്റെ പിന്നാമ്പുറത്ത് ഏറെ നാളായി അലയുന്ന എൻ.സി.പിക്ക് സംസ്ഥാനത്തെ ഭരണം ലഭിക്കേണ്ടത് ഏറെ ആവശ്യകതയാണ്. ശരത് പവാറല്ലാതെ മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടുവാൻ ബുദ്ധിമുട്ടുന്ന പാർട്ടിയെ വാർദ്ധക്യാവസ്ഥയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നയിക്കാൻ മറ്റാരുമുണ്ടായിരുന്നില്ല. 2014 ശിവസേനയുമായി ബി.ജെ.പി തർക്കമുണ്ടായപ്പോൾ സ്വയമേധ സർക്കാരിന് പിന്തുണ നൽകാമെന്ന് അറിയച്ച പാർട്ടിയാണ് എൻ.സി.പി. കേരളമുൾപ്പടെയുള്ള സംസ്ഥാനങ്ങളിൽ അവിടെ രാഷ്ട്രീയ സാഹചര്യത്തിനൊത്ത് കളം മാറുന്ന ചരിത്രമാണ് എൻ.സി.പിക്കുള്ളത്. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സ്വന്തം പാളയത്തിൽ നിന്നും നേതാക്കൾ ബി.ജെ.പിയിലേക്ക് കൂട് മാറിയത് എൻ.സി.പിയെ തളർത്തിയിരുന്നു. എന്നാൽ പുനെയുൾപ്പടെയുള്ള മേഖലയിൽ അപ്രതീക്ഷിത വിജയം നേടിയതാണ് സർക്കാർ രൂപീകരണ ചർച്ചകളിൽ കറുത്ത കുതിരയാവാൻ എൻ.സി.പിക്ക് കഴിഞ്ഞത്. എന്നാൽ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയെന്ന നിലയിൽ എൻ.സി.പിയെ ഗവർണർ ക്ഷണിച്ചെങ്കിലും സർക്കാരുണ്ടാക്കാനില്ലെന്ന നിലപാടാണ് എൻ.സി.പി സ്വീകരിച്ചത്.


അപകടം തിരിച്ചറിഞ്ഞ് പിന്തിരിഞ്ഞ് കോൺഗ്രസ്

ബി.ജെ.പി ഇതര സർക്കാരിന് പിന്തുണ എന്ന പതിവ് പല്ലവിയാണ് മഹാരാഷ്ട്രയുടെ കാര്യത്തിലും കോൺഗ്രസിന് മുന്നിലുണ്ടായിരുന്ന ആശയം. എന്നാൽ ബി.ജെ.പിയുടെ അതേ പാതയിൽ ഹിന്ദുത്വ ആശയങ്ങൾ കുറച്ചു കൂടി തീവ്രമായി പിന്തുടരുന്ന ശിവസേനയുമായുള്ള കൂട്ടുകെട്ട് രാജ്യത്താകമാനം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി എത്തിയത്. മഹാരാഷ്ട്രയിലെ നേതാക്കളിൽ ഭൂരിഭാഗവും സർക്കാരുണ്ടാക്കാൻ സഹായിക്കണമെന്ന ആവശ്യം ഹൈക്കമാന്റിനു മേൽ ഉന്നയിച്ചിരുന്നു. ഡൽഹിയിൽ രാവിലെ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് വൈകിട്ട് നാലുമണിക്ക് വിശദമായ യോഗം ചേർന്നത്. രണ്ടര മണിക്കൂർ വിഷയം ചർച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്തിയില്ല. മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾക്കും അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഹിന്ദുത്വ പാർട്ടിയായ ശിവസേനയുമായുള്ള സഖ്യത്തോട് താത്പര്യമില്ലായിരുന്നു. എന്നാൽ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ ഉൾപ്പെടെ സഖ്യമാവാമെന്ന നിലപാടാണെടുത്തത്.

മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലൂടെ കുറച്ചു നാൾ കടന്നുപോകുവാനുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരു പക്ഷേ ആറുമാസത്തിനകം മറ്റൊരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചേക്കാം. രാഷ്ട്രീയ തീരുമാനങ്ങൾ മാറിമറിയുന്ന കാലത്ത് ബി.ജെ.പിയുമായി കൂടിച്ചേർന്ന് ശിവസേന ഇക്കുറിയും വിട്ടുവീഴ്ചകളോടെ ഒരു സർക്കാർ രൂപീകരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളഞ്ഞുകൂട.