adoor-

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവം( ഇഫി ) ഇക്കുറി അമ്പതാം വാർഷികം ആഘോഷിക്കുന്നതിന്റെ കണക്ക് മനസിലാകുന്നില്ലെന്ന് വിഖ്യാത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറ‌ഞ്ഞു. " എന്റെ അറിവനുസരിച്ച് 1952 ലാണ് ചലച്ചിത്രോത്സവം തുടങ്ങിയത്. ഈ അമ്പതിന്റെ കണക്ക് സംഘാടകർക്ക് എങ്ങനെ കിട്ടിയെന്ന് അറിയില്ല.സത്യജിത് റേ ചെയർമാനായിരുന്ന 1965 ലെ ചലച്ചിത്രോത്സവത്തിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അന്നുതൊട്ട് മുടങ്ങാതെ നടക്കുന്നുമുണ്ട്. അങ്ങനെയാണെങ്കിൽത്തന്നെ അമ്പത് വർഷം എന്നേകഴിഞ്ഞു."- കേരളകൗമുദിയോട് സംസാരിക്കുകയായിരുന്നു അടൂർ.

ഈ മാസം 20 മുതൽ 28 വരെയാണ് ഗോവയിൽ ഇഫിയുടെ സുവർണ ജൂബിലി ഫെസ്റ്റിവൽ നടക്കുന്നത്.

അടൂരിന് ക്ഷണമില്ല

അമ്പതാം വാർഷികത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു." ഞാൻ അവർക്ക് അസ്വീകാര്യനായ വ്യക്തിയാണ്.അനഭിമതനാണ്. എനിക്ക് കിട്ടിയ വിവരമനുസരിച്ച് അവർ ക്ഷണിച്ചിട്ടുള്ളത് അമിതാഭ്ബച്ചനെയും രജനീകാന്തിനെയുമാണ്.അവരെയൊക്കെയാണല്ലോ ഇത്തരമൊരു മേളയ്‌ക്ക് ക്ഷണിക്കേണ്ടത്.ഉദ്യോഗസ്ഥരാണ് ഇതൊക്കെ നടത്തുന്നത്. സിനിമയെക്കുറിച്ച് അവർക്കെന്തറിയാം. വർഷത്തിന്റെ കാര്യത്തിൽ മാത്രമല്ല ഒന്നിനുമില്ല ഒരു കണക്കും. തിരുവനന്തപുരത്തെ ഫെസ്റ്റിവലിന്റെ പത്തിരട്ടിയാണ് ഇഫിയിലെ ചെലവ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രോത്സവം തിരുവനന്തപുരം ഫെസ്റ്റിവൽ തന്നെ. അടൂർ വിശദീകരിച്ചു.

" ആരുടേയും പിടിയിൽ നിൽക്കുന്നയാളല്ല ഞാൻ. ആരുടേയും സ്വാധീനത്തിന് വഴങ്ങുകയുമില്ല. ഞാനെന്റെ സ്വന്തം കാലിലാണ് നിൽക്കുന്നത്. എന്നെ വിളിക്കാത്തതിൽ എനിക്കൊരു നഷ്‌ടവുമില്ല.അവർക്കാണ് നഷ്ടം.നമ്മളൊക്കെ ചേർന്നുണ്ടാക്കിയ ഫെസ്റ്റിവലാണല്ലോ അത്.മിസ് സമ്പത്ത് സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായപ്പോൾ മേള മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാൻ അവർ ഒരു യോഗം വിളിച്ചു.മുംബൈയിൽ വച്ചുകൂടിയ ആ യോഗത്തിൽ ഞാൻ മുന്നോട്ടു വച്ച നിർദ്ദേശങ്ങളാണ് ഇന്ന് ഇഫിയിൽ പ്രാവർത്തികമായിട്ടുള്ള പലകാര്യങ്ങളും.മേളയ്ക്ക് അന്തർദ്ദേശീയ പരിവേഷം വേണമെന്നും സമ്മാനത്തുക ഉയർത്തണമെന്നതുമൊക്കെ ഞാൻ നിർദ്ദേശിച്ചതായിരുന്നു.ഐ.എഫ്.എഫ്.കെ യിൽ ഞാൻ നടപ്പിലാക്കിയ കാര്യങ്ങളും അവർ പകർത്തിയിട്ടുണ്ട്.

ചവറുകൾ കുത്തിനിറയ്ക്കരുത്

തിരുവനന്തപുരം ഫെസ്റ്റിവലിൽ (ഐ.എഫ്.എഫ്.കെ) അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ രണ്ട് മലയാള ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന നിർദ്ദേശവും എന്റേതായിരുന്നു.അതിൽ ഉൾപ്പെടാത്ത രണ്ട് ചിത്രങ്ങൾ മലയാളം സിനിമ ഇന്ന് എന്ന വിഭാഗമായി കാണിക്കണമെന്ന നിർദ്ദേശവും നടപ്പിലാക്കി. അത്തരം ചിത്രങ്ങളുടെ സംവിധായകർക്ക് രണ്ട് ലക്ഷം രൂപയും നൽകുന്നുണ്ട്.എന്നാൽ അതിൽ സംഘാടകർ വെള്ളം ചേർത്തു. രണ്ടെന്നത് ഏഴാക്കി.ഇപ്പോൾ 12 ആക്കി. എല്ലാ ചവറുകളും കുത്തി നിറയ്‌ക്കുന്നു. തിയറ്ററിൽ ഓടിയ ചിത്രങ്ങളടക്കം അതിലേക്ക് തിരഞ്ഞെടുക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. കലാ മികവുള്ള ചിത്രങ്ങളെയും സംവിധായകരേയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു അവസരത്തെ തകർക്കരുത്. ഇപ്പോൾ കുറേ ചെറുപ്പക്കാർ ഈ നിലപാടിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് . അവർ പറയുന്നത് ന്യായമാണെന്നും അടൂർ വ്യക്തമാക്കി.