-k-sreekumar-

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നിലനിറുത്തി എൽ.ഡി.എഫ്. കോർപ്പറേഷന്റെ പുതിയ മേയറായി കെ.ശ്രീകുമാറിനെ തിരഞ്ഞെടുത്തു. 35നെതിരെ 42 വോട്ടുകൾ നേടിയാണ് എൽ.ഡി.എഫ് വിജയം. വി.കെ പ്രശാന്ത് വട്ടിയൂർക്കാവിൽ നിന്ന് എം.എൽ.എ ആയതിനെ തുടർന്നാണ് പുതിയ മേയർ തിരഞ്ഞെടുപ്പ് നടന്നത്.

നിലിവിൽ സി.പി.എം വഞ്ചിയൂർ ഏരിയാ കമ്മറ്റി അംഗമായ ശ്രീകുമാർ നഗരസഭിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനാണ്. ചാക്ക ഡിവിഷനെ പ്രതിനിധീകരിക്കുന്ന ശ്രീകുമാർ 2016ലാണ് ആദ്യമായാണ് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യ റൗണ്ടിൽ ആകെ 99 പേർ വോട്ടുചെയ്തതിൽ കെ.ശ്രീകുമാറിന് 42 വോട്ടും എം.ആർ ഗോപൻ 35 വോട്ടും ഡി.അനിൽ കുമാറിനു 20 വോട്ടും ലഭിച്ചു. മൂന്ന് വോട്ട് അസാധുവായി. പിന്നീട് നടന്ന രണ്ടാം റൗണ്ടിൽ കെ ശ്രീകുമാറും ബി.ജെ.പിയിലെ എം.ആർ ഗോപനും തമ്മിലായി മത്സരം. രണ്ടാം റൗണ്ടിൽ ശ്രീകുമാറിന് 42 വോട്ടും എം.ആർ ഗോപൻ 34 വോട്ടും കിട്ടി. തുടർന്ന് ശ്രീകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.