മുംബയ്: രാഷ്‌ട്രീയ സമവാക്യങ്ങൾ മാറിമറിയവെ മഹാരാഷ്‌ട്രയിൽ ഉപാധിയുമായി എൻ.സി.പി രംഗത്ത്. മുഖ്യമന്ത്രിപദം രണ്ടര വർഷം വീതം പങ്കുവയ്‌ക്കണമെന്ന ആവശ്യമാണ് എൻ.സി.പി അദ്ധ്യക്ഷൻ ശരദ് പവാർ മുന്നോട്ട് വച്ചിരിക്കുന്നത്. കോൺഗ്രസുമായി ചർച്ച നടത്തുമെന്നും അതിനുശേഷം എൻ.സി.പി നിലപാട് പ്രഖ്യാപിക്കുമെന്ന് ശരദ് പവാർ വ്യക്തമാക്കി.
ശരദ് പവാറുമായുള്ള ചർച്ചകൾക്കായി അഹമ്മദ് പട്ടേൽ, മല്ലികാർജുൻ ഖർഗെ, കെ.സി. വേണുഗോപാൽ എന്നിവരെ സോണിയ ഗാന്ധി നിയോഗിച്ചു. മൂവരും ഉച്ചകഴിഞ്ഞു മുംബയിലെത്തും. സർക്കാർ രൂപീകരണത്തിന് കോൺഗ്രസ് നിലപാട് കാത്തിരിക്കുകയാണ് എൻ.സി.പി.
അതേസമയം, പാർട്ടി ഒറ്റയ്ക്ക് തീരുമാനമെടുക്കില്ലെന്ന് എൻ.സി.പി നിയമസഭാകക്ഷി നേതാവ് അജിത് പവാർ പ്രതികരിച്ചു. എന്നാൽ ശിവസേനയെ പിന്തുണയ്‌ക്കുന്നതിനോട് കോൺഗ്രസ് ഹൈക്കമാൻഡിൽ ഭിന്നതയുണ്ടെങ്കിലും കോൺഗ്രസ്– എൻ.സി.പി– ശിവസേന സർക്കാർ യാഥാർഥ്യമാകണമെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.