editors-pick-

ശ്രീനാരായണ ഗുരുദേവൻ നയിച്ച അരുവിപ്പുറംവിപ്ളവം രക്തരഹിതമായൊരു വിപ്ളവമായിരുന്നു. എന്നാൽ ഗുരുദേവന്റെ അനന്തരഗാമിയായിരുന്ന ബോധാനന്ദസ്വാമികൾ നയിച്ച താണിശേരി വിപ്ളവം രക്തം ചീന്തേണ്ടിവന്ന ഒരു സാമൂഹിക വിപ്ളവമായിരുന്നു. താണിശേരി വിപ്ളവം നടന്നിട്ട് നവംബർ 13ന് ഒരു നൂറ്റാണ്ട് തികയുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ കേരളക്കരയിൽ നടന്ന മിക്കവാറും എല്ലാ പരിഷ്‌കരണ പ്രവർത്തനങ്ങളുടെയും ആധാരകേന്ദ്രം അയിത്ത നിർമ്മാജനമായിരുന്നു. വരേണ്യവർഗത്തിന് മാത്രം കുത്തകയായിരുന്ന ക്ഷേത്ര പ്രതിഷ്ഠയും ക്ഷേത്ര സമാരാധനയും വാസനയും യോഗ്യതയുമുള്ള ഏതൊരാൾക്കുമാകാമെന്ന് അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരുദേവൻ സ്ഥാപിച്ചെടുത്തു. അതിന് തുടർച്ചയായി ശിഷ്യൻ ബോധാനന്ദസ്വാമികൾ നയിച്ച താണിശേരി വിപ്ളവം മറ്റൊരവകാശത്തിന്റെ വീണ്ടെടുക്കൽ കൂടിയായിരുന്നു.

ബ്രാഹ്മണരും അതിനോടുചേർന്ന സവർണ സമുദായക്കാരും മരിച്ചാൽ പത്തുദിവസത്തെ പുല ആചരിച്ചാൽ മതി. നായർ, ഇൗഴവ സമുദായക്കാർക്ക് 16 ദിവസത്തെ പുലയാണ് വിധിച്ചിട്ടുള്ളത്. പുലയ പറയ വിഭാഗങ്ങൾക്ക് ഇതിനേക്കാൾ കൂടുതൽ ദിനങ്ങൾ ആചരിക്കേണ്ടിയിരുന്നു. ഗുരുദേവൻ ശ്രീനാരായണ സ്മൃതിയിലൂടെ എല്ലാ സമുദായങ്ങളും പത്ത് പുല ആചരിച്ചാൽ മതിയെന്ന് ഉപദേശിച്ചു.

ഒരാൾ മരിച്ചാൽ പത്തുദിവസത്തെ പുല ആചരിച്ച് 11-ാം ദിവസം പുലവിടലും പുണ്യാഹവും നടത്തണമെന്ന ഗുരുദേവന്റെ ഉദ്ബോധനം എവിടെയും മാറ്റൊലികൊണ്ടു. ആയിടെ ബോധാനന്ദ സ്വാമികളുടെ ബന്ധുവീടായ തൃശൂർ താണിശേരി മേനോത്തുവീട്ടിലെ കാരണവരായ കൊച്ചുകൃഷ്ണൻ മരിച്ചു. ബോധാനന്ദസ്വാമികൾ സ്ഥലത്തെത്തി ശവസംസ്കാര ചടങ്ങുകൾ നടന്നതിനുശേഷം 'ഇവിടെ ഗുരുദേവന്റെ അനുശാസന പ്രകാരം പത്തുപുല ആചരിച്ചാൽ മതി' എന്ന് പ്രഖ്യാപനം ചെയ്തു. മേനോത്തുകുടുംബാംഗങ്ങളും മറ്റു ബന്ധുമിത്രാദികളും പതിനാറടിയന്തിരം ഒഴിവാക്കി സ്വാമികളുടെ ആജ്ഞയെ ശിരസാവഹിച്ചു. ഇൗ വാർത്ത അന്ന് ഇരിങ്ങാലക്കുടയിലും പ്രാന്തപ്രദേശങ്ങളിലും പെട്ടെന്ന് വ്യാപിച്ചു. സവർണ സമുദായങ്ങളുടെ യോഗം അന്ന് ഇരിങ്ങാലക്കുടയിൽ ചേരുന്നുണ്ടായിരുന്നു. ഇൗ വാർത്ത അവരിൽ പ്രകമ്പനം സൃഷ്ടിച്ചു.

സവർണ സമുദായങ്ങൾ സംഘടിച്ചു. പരമ്പരാഗതമായി തങ്ങൾ അനുഷ്ഠിച്ചു പോരുന്ന ഒരാചാരം ഇൗഴവരും മറ്റും നടത്തുകയോ? അത് പാടില്ല. മേനോത്തു നടക്കുവാൻ പോകുന്ന പത്തും പുലയും എങ്ങനെ തടയണം. അവർണരുടെ ഹുങ്ക് അടിച്ചൊതുക്കണം. അതിനായി ചട്ടമ്പിമാരെ സംഘടിപ്പിച്ചു.

പത്തും പുലയുമെന്ന ഗുരുകല്പന പാലിക്കാൻ അനുവദിക്കില്ല എന്നറിഞ്ഞപ്പോൾ ബോധാനന്ദസ്വാമികൾ പഴയ ധർമ്മഭടസംഘത്തെ ഒന്നുകൂടി വിളിച്ചുകൂട്ടി. കൂർക്കഞ്ചേരി മാഹേശ്വര ക്ഷേത്രത്തിൽ യോഗം ചേർന്നു. ചിറയ്‌ക്കൽ അവധൂതമഠത്തിൽ നിന്നും ജാഥയായി താണിശേരിയിലെത്തി. നാം സമാധാനമായിരിക്കണം. എന്നാൽ ഇങ്ങോട്ട് എതിർത്താൽ നാം ശക്തിയായിത്തന്നെ പൊരുതണം. സ്വാമികളുടെ മാർഗനിർദ്ദേശം ഏവരും സ്വീകരിച്ചു. 1995 തുലാം 27ന് ബോധാനന്ദസ്വാമികളുടെ നേതൃത്വത്തിൽ കെ.എസ്. പണിക്കർ, ശങ്കരാനന്ദസ്വാമികൾ, കൃഷ്ണാനന്ദസ്വാമികൾ, പള്ളത്ത് ബാഹുലേയൻ, കോലോത്തും കാട്ടിൽ കേശവൻ തുടങ്ങി 350 ൽപരം ധർമ്മഭടന്മാർ ചിറയ്ക്കൽ അവധൂതമഠത്തിൽനിന്നും താണിശേരിയിലേക്ക് ജാഥയായി പുറപ്പെട്ടു. തത്‌സമയം സവർണചട്ടമ്പിമാർ താണിശേരി ജംഗ്ഷനിൽ ഒത്തുചേർന്നിരുന്നു. ഏതാണ്ട് 500 ൽപരം അംഗങ്ങളടങ്ങിയസംഘം. സ്വാമിയുംസംഘവും പത്തുമണിയോടെ താണിശേരിയിലെത്തി. ചട്ടമ്പിമാർ അവരെ തടഞ്ഞു. അതി ഭയങ്കരമായ അടിയും കോലാഹലങ്ങളും അരങ്ങേറി. കായിക പരിശീലനം നേടിയ ധർമ്മഭടാംഗങ്ങൾ ചട്ടമ്പിമാരെ ശരിക്കും കൈകാര്യം ചെയ്തു. എതിരാളികൾക്ക് തോറ്റു പിന്മാറേണ്ടിവന്നു. പലർക്കും സാരമായ പരുക്കുകൾ പറ്റി. പലരും ആശുപത്രികളിലായി. സ്വാമിയും സംഘവും പരുക്കുകളോടെ മേനോത്തുവീട്ടിലെത്തി പത്തുംപുലയും ആചരിച്ചതായി വിജയ പ്രഖ്യാപനം ചെയ്തു.

താണിശേരി വിപ്ളവം ചരിത്രത്തിന്റെ ഭാഗമായി. കുമാരനാശാൻ പ്രതിഭയിലും ടി. കെ. മാധവൻ ദേശാഭിമാനിയിലും സി. കൃഷ്ണൻ വക്കീൽ മിതവാദിയിലുമായി ലേഖനങ്ങളെഴുതി. ഇൗഴവരും ഇതര അധഃകൃത ജനങ്ങളും സവർണർ അനുഷ്ഠിക്കുന്നതുപോലെ പത്തുംപുലയും ആചരിച്ചാൽ മതിയെന്ന് ഉദ്ബോധനം ശ്രീനാരായണ പ്രസ്ഥാനത്തിൽ വ്യാപകമായി. അതോടെ ആചാരത്തിന്റെ സവർണ കുത്തക അഴിഞ്ഞുവീഴുകയായിരുന്നു. എന്നാൽ ഇതൊന്നുമറിയാതെ ഇപ്പോഴും പതിനാറടിയന്തിരവുമായി നടക്കുന്ന ശാന്തിക്കാരും സമുദായാംഗങ്ങളും കുറവല്ല എന്നതും പരമാർത്ഥമാണ്.