കണ്ണൂർ : നാട്ടിലെ ധനാഢ്യരെ ചെന്നുകണ്ട് ബാങ്കിലേക്ക് സ്ഥിര നിക്ഷേപം നൽകാൻ പ്രേരിപ്പിക്കുന്ന ബാങ്ക് മാനേജർമാരെ ഓർമ്മയുണ്ടോ. ബാങ്കിൽ മൂന്നോ നാലോ ലക്ഷം രൂപ ഫിക്സഡ് നിക്ഷേപമാക്കി ഇട്ടാൽ ഒരു സാധാരണ കുടുംബത്തിന് കഴിയാൻ അതിൽ നിന്നും ലഭിക്കുന്ന പലിശമാത്രം മതിയായിരുന്നു. ഇനി മാസം തോറും പലിശ ആവശ്യമില്ലെങ്കിൽ കേവലം അഞ്ചു വർഷം കൊണ്ട് നിക്ഷേപിച്ച തുക ഇരട്ടിയായി ലഭിക്കുന്നതരത്തിൽ പലിശ നിരക്കാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകൾ നൽകിയിരുന്നത്. എന്നാൽ അടുത്തിടെയായി ബാങ്കുകൾ പലിശ നിരക്ക് ഗണ്യമായി വെട്ടിക്കുറയ്ക്കുന്നതിലാണ് ശ്രദ്ധ ചെലുത്തുന്നത്. ദീർഘ കാലം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നുമില്ല.
രാജ്യത്തെ വലിയ ബാങ്കായ എസ്.ബി.ഐ അടുത്തിടെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് 6.25 ശതമാനമായി കുറച്ചിരുന്നു. ഒരു വർഷം മുതൽ മുകളിലോട്ടുള്ള നിക്ഷേപങ്ങൾക്ക് ഒരേ നിരക്കാണിപ്പോൾ നൽകുന്നത്. മുതിർന്ന പൗരൻമാർക്ക് അര ശതമാനത്തോളം അധികം പലിശ നൽകുന്നുമുണ്ട്. എസ്.ബി.ഐയുടെ പാത പിന്തുടർന്ന് ഉടൻ തന്നെ മറ്റു ബാങ്കുകളും പലിശനിരക്ക് കുറയ്ക്കാനാണ് സാദ്ധ്യത.
വായ്പയിലുണ്ടാവുന്ന മാറ്റങ്ങളാണ് സ്ഥിര നിക്ഷേപത്തിന്റെ പലിശ കുറയ്ക്കുന്നത്. രണ്ടക്കത്തിന് മുകളിൽ പലിശയുണ്ടായിരുന്ന ഭവന വായ്പ കേവലം എട്ടു ശതമാനമായി ഇപ്പോൾ. എന്നാൽ രാജ്യത്തെ ജനങ്ങളുടെ ക്രയശേഷി കുറയുന്നതിനാൽ വായ്പകൾ വാങ്ങാൻ ആളില്ലാത്ത അവസ്ഥയാണ് ബാങ്കുകൾ അഭിമുഖീകരിക്കുന്നതെന്ന വാദവുമുണ്ട്. ഇനി വരും നാളുകളിൽ സ്ഥിര നിക്ഷേപത്തിന് ഇനിയും പലിശ നിരക്ക് കുറയുമെന്നതിനാൽ ദീർഘനാളിലേക്കുള്ള നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കേണ്ട എന്ന നിലപാടിലാണത്രേ ബാങ്കുകൾ. നഗരവാസികളിൽ നല്ലൊരു ശതമാനവും മ്യൂച്ചൽ ഫണ്ടിനെ കുറിച്ച് കൂടുതലായി തിരക്കി തുടങ്ങിയിട്ടുണ്ട്. എന്നാൽ വസ്തു വിറ്റും മറ്റും ബാങ്കുകളിലിട്ട് പലിശ കൊണ്ട് ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതത്തിൻ മേലാണ് പലിശ നിരക്ക് കുറയുന്നത് ആശങ്ക പടർത്തുന്നത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്ത് മുളച്ചു പൊന്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഇത്തരം നിക്ഷേപം സ്വീകരിക്കുന്നതും പതിവാക്കിയിട്ടുണ്ട്.