
യശ്വന്ത്പുർ: പാതിരാത്രി വെളുത്ത നീളൻ കുപ്പായവും മുട്ടൊപ്പമുള്ള മുടിയും ചോരയൊലിപ്പിക്കുന്ന മുഖവുമായി ഏഴ് 'ഭീകര പ്രേതങ്ങൾ" തെരുവിലൂടെ അലഞ്ഞു. കാൽയാത്രക്കാർക്ക് നേരെ ചാടിവീണു. ബൈക്ക് യാത്രികരെ ഭയപ്പെടുത്തി. യശ്വന്ത് നഗർ തെരുവിനെ ഭീതിയിലാഴ്ത്തി. പ്രേത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബംഗളൂരു നഗരമാകെ ഭയന്നുവിറച്ചു.
ഇതോടെ പൊലീസ് രംഗത്തെത്തി. 'ഏഴ് പ്രേതങ്ങളെയും' കൈയോടെ പൊക്കി. രാത്രി പ്രേതത്തെ കണ്ടു ഭയന്ന ഒരു ആട്ടോ ഡ്രൈവർ പരാതിയുമായി യശ്വന്ത്പുർ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് പ്രേതങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീണത്. പ്രദേശവാസികളും പരാതിപ്പെട്ടിരുന്നു.
കോളേജ് വിദ്യാർത്ഥികളും യൂട്യൂബേഴ്സുമായ ഷോൺ മാലിക് (20), നവീദ് (20), സജിൽ മുഹമ്മദ് (21), മുഹമ്മദ് അക്യൂബ് (20), സാക്കീബ് (20), സെയ്യിദ് നബീൽ (20), യൂസഫ് അഹമ്മദ് (20) എന്നിവരായിരുന്നു ബംഗളൂരുവിനെ നടുക്കിയ പ്രേതങ്ങൾ. കുക്കി പീഡിയ യൂട്യൂബ് ചാനലിൽ 'ഗോസ്റ്റ് പ്രാങ്ക്' എന്ന പേരിൽ ഇവർ ഈ വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നു. തമാശയ്ക്കായി ചെയ്തതാണെന്നും ഇനി ആവർത്തിക്കില്ലെന്നും വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പ്രദേശത്തെ നിരീക്ഷണ കാമറകൾ പരിശോധിച്ചാണ് പൊലീസ് ഇവരെ കുടുക്കിയത്.