ചെന്നൈ: വെല്ലുവിളികൾ എപ്പോഴും മുന്നിലുണ്ടാകുമെന്നും അതു നേരിടാൻ നാം സജ്ജമാണോ എന്നതാണ് പ്രസക്തമെന്നും സതീഷ് ധവാൻ സ്‌പേസ് സെന്റർ, ഐ.എസ്.ആർ.ഒ ഡയറക്‌ടർ എ. രാജരാജൻ പറഞ്ഞു. കട്ടൻകുളത്തൂർ എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ 15-ാമത് വാർഷിക കോൺവൊക്കേഷനിൽ മുഖ്യതിഥിയായി സംബന്ധിക്കുകയായിരുന്നു അദ്ദേഹം. 5,000ഓളം വിദ്യാർത്ഥികളാണ് ചടങ്ങിൽ മികവിനുള്ള മെഡലുകൾ, റാങ്കുകൾ, ബിരുദ സർട്ടിഫിക്കറ്റുകൾ എന്നിവ ഏറ്റുവാങ്ങിയത്.
കഠിനാദ്ധ്വാനവും അത്മസമർപ്പണവുമുണ്ടെങ്കിൽ വിജയം കൈപ്പിടിയിലാക്കാമെന്ന് എ. രാജരാജൻ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് മുന്നേറാനായാൽ, ഇന്ത്യയ്ക്ക് അതിവേഗം ലോകത്തെ ഏറ്റവും മികച്ച രാജ്യമായി മാറാനാകും. ഇക്കാര്യത്തിൽ, എസ്.ആർ.എം വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്കൽറ്റി ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിലെ വിദ്യാർത്ഥികൾക്ക് അദ്ദേഹം മെഡലുകൾ സമ്മാനിച്ചു.
അറ്റോമിക് എനർജി കമ്മിഷൻ ചെയർമാനും അറ്റോമിക് എനർജി വകുപ്പ് സെക്രട്ടറിയുമായ ഡോ.കെ.എൻ. വ്യാസിന് എസ്.ആർ.എം ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ചാൻസലറും എം.പിയുമായ ഡോ.ടി.ആർ. പാരിവേന്ദർ ഡോക്‌ടറേറ്റ് ബഹുമതി സമ്മാനിച്ചു. വൈസ് ചാൻസലർ ഡോ. സന്ദീപ് സൻചേതി റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ.പി. സത്യനാരായണൻ, എസ്.ആർ.എം കോ-ചെയർമാൻ രാമപുരം എസ്. നിരഞ്ജൻ, പ്രൊ വൈസ് ചാൻസലർ ഡോ.ആർ. ബാലസുബ്രഹ്‌മണ്യൻ, രജിസ്‌ട്രാർ ഡോ.എൻ. സേതുരാമൻ എന്നിവർ സംസാരിച്ചു.