തിരുവനന്തപുരം: ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ സമരം ഇന്നലെ മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർപ്പായതായി ബി.എസ്.എൻ.എൽ കാഷ്വൽ കോൺട്രാക്റ്റ് ലേബറേഴ്സ് യൂണിയൻ (സിഐടിയു) ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ 55 ദിവസമായി തൊഴിലാളികൾ സമരത്തിലായിരുന്നു. മുഴുവൻ തൊഴിലാളികളും ഇന്നുമുതൽ ജോലിക്ക് ഹാജരാകും. ഒരുമാസത്തെ ശമ്പളം ഉടൻ വിതരണം ചെയ്യാമെന്നും കുടിശിക വേതനത്തിന് കേന്ദ്ര ഒാഫീസിൽ സമ്മർദ്ദം ചെലുത്താമെന്നും തൊഴിലാളികൾക്ക് മാസത്തിൽ പകുതി ദിവസം മാത്രം ജോലി നൽകുമെന്ന വ്യവസ്ഥ ഡിസംബർ വരെ നടപ്പാക്കില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം നിറുത്തിവയ്ക്കാൻ തീരുമാനിച്ചത്.തൊഴിലാളികൾ ഉന്നയിച്ച മറ്റ് വിഷയങ്ങളിൽ അടുത്തമാസം ചർച്ച ചെയ്ത് തീരുമാനമുണ്ടാക്കും.