മസ്കറ്റ് : ഒമാനിൽ കുടിവെള്ള പദ്ധതിക്കായി തയ്യാറാക്കിയ കോൺക്രീറ്റ് പൈപ്പിൽ കുടുങ്ങി മരിച്ച ആറുതൊഴിലാളികളും ഇന്ത്യക്കാരെന്ന് സൂചന. ഒമാനിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. പ്രാഥമിക വിവരമനുസരിച്ച് മരിച്ചവരെല്ലാം ഇന്ത്യക്കാരാണെന്നാണ് കരുതുന്നതെന്നും വിശദപരിശോധനകള്‍ക്ക് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂ എന്നും ഒമാനിലെ ഇന്ത്യൻ സ്ഥാനപതി മുന്നു മഹാവീർ വ്യക്തമാക്കി.
മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം നിർമ്മാണം നടന്നുവരുന്ന ജലവിതരണ പദ്ധതി സ്ഥലത്താണ് അപകടം സംഭവിച്ചത്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയെ തുടർന്ന് വെള്ളം നിറഞ്ഞ കോൺക്രീറ്റ് പൈപ്പിൽ കുടുങ്ങിയ തൊഴിലാളികൾ മുങ്ങിമരിക്കുകയായിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള എല്ലാ കാര്യങ്ങൾക്കും എംബസി മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ച രാത്രിയോടെ തന്നെ അധികൃതർക്ക് വിവരം ലഭിച്ചിരുന്നു. ഉടൻ തന്നെ വിപുലമായ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും ആരുടെയും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ഞായറാഴ്ച ഉച്ചയോടെയാണ് ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത മഴയിൽ ഇവർ ജോലി ചെയ്തിരുന്ന പൈപ്പിൽ വെള്ളം ഇരച്ചുകയറിയാണ് അപകടം സംഭവിച്ചത്. 295 മീറ്റർ നീളമുള്ള പൈപ്പിൽ നിന്ന് വലിയ പമ്പ് സെറ്റുകൾ ഉപയോഗിച്ച് വെള്ളം പുറത്തുകളഞ്ഞ ശേഷമായിരുന്നു മൃതദേഹങ്ങൾ പുറത്തെടുക്കാനായത്.