photo

കുണ്ടറ: ഒൻപതു മാസം മുമ്പ് വിവാഹിതയായ യുവതിയെ കുടുംബവീട്ടിലെ കിടപ്പുമുറിയിൽ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മുളവന ചരുവിള പടിഞ്ഞാറ്റതിൽ വീട്ടിൽ മോഹനന്റെ മകൾ കൃതിയാണ് (26) തിങ്കളാഴ്ച രാത്രി പതിനൊന്നോടെ കൊല്ലപ്പെട്ടത്. സംഭവ ശേഷം ഒളിവിൽ പോയ ഭർത്താവ് കൊല്ലം കോളേജ് ജംഗ്ഷൻ ദേവിപ്രിയയിൽ വൈശാഖ് (24) ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് :രണ്ട് മാസം മുൻപ് വൈശാഖിനെയും കൂട്ടി മുളവനയിലെ സ്വന്തം വീട്ടിലെത്തിയ കൃതി അച്ഛനമ്മമാരോടൊപ്പമാണ് താമസിച്ചിരുന്നത്. എന്നാൽ ഒക്ടോബർ 14ന് കലഹിച്ച് ഭാര്യവീട്ടിൽ നിന്നിറങ്ങിയ വൈശാഖ് കഴിഞ്ഞദിവസം രാത്രി ഏഴരയോടെയാണ് തിരിച്ചെത്തിയത്.

കിടപ്പുമുറിയിലായിരുന്ന ദമ്പതികളെ രാത്രി പത്തേമുക്കാലോടെ അത്താഴം കഴിക്കാൻ അമ്മ ബിന്ദു ചെന്നു വിളിച്ചു. വാതിൽ തുറന്നപ്പോൾ ബിന്ദു കണ്ടത് കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന മകളെയാണ്. സംസാരിച്ചിരിക്കവേ കുഴഞ്ഞു വീണതാണെന്നും ആശുപത്രിയിൽ കൊണ്ടുപോകാമെന്നും പറഞ്ഞു പുറത്തിറങ്ങിയ വൈശാഖ് ഉടൻ വാഹനത്തിൽ കടന്നുകളയുകയായിരുന്നു. മാതാപിതാക്കൾ കുണ്ടറ പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ചു. കൃതിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റെ പാടുകൾ കൃതിയുടെ ശരീരത്തിലുണ്ടായിരുന്നു.

പ്രണയത്തിലായിരുന്ന കൃതിയും വൈശാഖും ഒൻപതു മാസം മുമ്പാണ് വിവാഹിതരായത്. കൃതിക്ക് ആദ്യ വിവാഹത്തിൽ മൂന്നു വയസുള്ള ഒരു മകളുണ്ട്. വൈശാഖിന്റെ ആദ്യ വിവാഹമാണ്.കൊലപാതക വിവരം അറിഞ്ഞ ഉടൻ പൊലീസ് വൈശാഖിനു വേണ്ടി തെരച്ചിൽ തുടങ്ങിയിരുന്നു. അയാളുടെ പാരിപ്പള്ളിയിലെ വീട്ടിൽ പരിശോധന നടത്തി പാസ്പോർട്ട് പിടിച്ചെടുത്തു.വിമാനത്താവളങ്ങളിൽ മുന്നറിയിപ്പും നൽകി.പൊലീസിന്റെ സമ്മർദ്ദം ശക്തമായതോടെ ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് കുണ്ടറ സ്റ്റേഷനിലെത്തി ഇയാൾ കീഴ‌ടങ്ങിയത്. വൈശാഖ് പണത്തിനും സ്വത്തിനും വേണ്ടി ഭാര്യയെ ഉപദ്രവിക്കാറുണ്ടെന്നും കത്തി കാട്ടി ഭീഷണിപ്പെടുത്താറുണ്ടെന്നും ബന്ധുക്കൾ പറയുന്നു.വൈശാഖിന്റെ പിതാവ് ബൈജു എക്സൈസ് ഉദ്യോഗസ്ഥനാണ്.

വൈശാഖിന്റേത് ആർഭാട ജീവിതം

പറയത്തക്ക ജോലിയൊന്നുമില്ലെങ്കിലും വൈശാഖ് ആർഭാട ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. അടുത്തിടെ കൃതിയുടെ അക്കൗണ്ടിലുണ്ടായിരുന്ന നാലു ലക്ഷം രൂപയും ഭാര്യാമാതാവിന്റെ അക്കൗണ്ടിലെ ആറു ലക്ഷവും ഇയാൾ കൈക്കലാക്കിയിരുന്നു. ഇതിനു പുറമേ ഭാര്യവീട്ടുകാരുടെ പുരയിടം പണയപ്പെടുത്തി പതിനഞ്ചു ലക്ഷം രൂപയുടെ വായ്പയുമെടുത്തു. ഒടുവിൽ ഭാര്യവീട്ടുകാർ താമസിക്കുന്ന വീടും പുരയിടവും കൂടി പണയപ്പെടുത്തണമെന്ന് വൈശാഖ് ആവശ്യപ്പെട്ടതോടെയാണ് ദമ്പതികൾ തമ്മിൽ ഒക്ടോബർ 14ന് കലഹിച്ചത്.

ഇതോടെ വൈശാഖ് ഭാര്യവീട്ടിൽ നിന്നിറങ്ങുകയായിരുന്നു.