മുംബയ്: മഹാരാഷ്ട്രയിൽ ഭരണപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കോൺഗ്രസിനെ വിമർശിച്ച് വനിതാ ആം ആദ്മി നേതാവ്. കോൺഗ്രസ് എല്ലായ്പ്പോഴും രാജ്യതാത്പര്യങ്ങൾക്ക് മേൽ പാർട്ടിക്കാണ് പ്രാധാന്യം നൽകുന്നതെന്നും മഹാരാഷ്ട്രയെ ഒരു പാത്രത്തിലാക്കി അവർ ബി.ജെ.പിക്ക് കാഴ്ചവയ്ക്കുകയാണെന്നുമാണ് എ.എ.പി നേതാവ് പ്രീതി ശർമ്മ മേനോന്റെ പ്രധാന വിമർശനം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും കോൺഗ്രസ് പ്രാദേശിക സഖ്യങ്ങളോട് മുഖം തിരിച്ച് നിൽക്കുകയായിരുന്നുവെന്നും അത് ബി.ജെ.പിയെ വിജയത്തിലേക്ക് നയിക്കാൻ കാരണമായെന്നും പ്രീതി ശർമ്മ പറയുന്നു. ട്വിറ്ററിലൂടെയാണ് പ്രീതി കോൺഗ്രസിനെതിരെ വിമർശനം അഴിച്ചുവിട്ടത്. പാർട്ടിയുടെ ഈ ആത്മഹത്യാപരമായ സമീപനം അധികം താമസിയാതെ അവസാനിക്കുമെന്നും കോൺഗ്രസിന് മരിക്കാനുള്ള സമയം അടുത്തെത്തിക്കഴിഞ്ഞുവെന്നും അവർ ഇനി എൻ.സി.പിയുടെ ഭാഗമാകുന്നതാണ് നല്ലതെന്നും പ്രീതി തന്റെ ട്വീറ്റിലൂടെ പറഞ്ഞു.
.@INCIndia leadership always puts their party before the Nation. In Loksabha they stubbornly refused regional alliances and helped BJP sweep. Now they are giving #Maharashtra on a platter to BJP. It's moribund attitude will decimate it soon.
അതേസമയം, മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഗവർണറുടെ ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചിരുന്നു. എൻ.സി.പിക്ക് സർക്കാർ രൂപീകരണത്തിനുളള അവകാശവാദം ഉന്നയിക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കുന്നതിന് മുമ്പാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ശുപാർശ കേന്ദ്രത്തിന് നൽകിയത്. ഗവർണറുടെ ശുപാർശ കേന്ദ്രം അംഗീകരിച്ച് രാഷ്ട്രപതിക്ക് കൈമാറുകയായിരുന്നു. ഇന്നു വൈകിട്ട് എൻ.സി.പിയുടെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനു ശേഷം എൻ.സി.പി നേതാക്കൾ വീണ്ടും ഗവർണറെ കാണും. എന്നാൽ രാഷ്ട്രപതി ഭരണത്തിലേക്കു നീങ്ങിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന അറിയിച്ചു.