സനൽകുമാർ ശശിധരന്റെ സംവിധാനത്തിൽ ജോജു ജോർജും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചോല' അടുത്ത മാസം ആറാം തീയതി റിലീസ് ചെയ്യുന്നു. ജോജു തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. ജോജുവിനൊപ്പം, തമിഴിലെ സൂപ്പർഹിറ്റ് സംവിധായകനായ കാർത്തിക് സുബ്ബരാജ് ഈ ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളാണ്. പൊറിഞ്ചു മറിയം ജോസ്, വൈറസ്. ജോസഫ് എന്നീ ചിത്രങ്ങൾക്ക് ശേഷം പുറത്തിറങ്ങുന്ന ജോജുവിന്റെ പുതിയ സിനിമ കൂടിയാണ് ചോല. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ചലച്ചിത്രമേളകളിൽ ഒന്നായ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചപ്പോൾ ചിത്രം നിരവധി അവാർഡുകൾ വാരികൂട്ടിയിരുന്നു.
മലയാളത്തിന്റെ ഇഷ്ട നടി നിമിഷ സജയന് ഏറെ അഭിനയപ്രാധാന്യമുള്ള വേഷമാണ് ചിത്രത്തിൽ. 'ഷാഡോ ഒഫ് വാട്ടർ' എന്നാണ് ചോലയുടെ ഇംഗ്ലീഷ് നാമം. 'അല്ലി' എന്ന പേരിൽ തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. അപ്പു പാത്തു പപ്പു പ്രൊഡക്‌ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉടൻ നടക്കാനിരിക്കുന്ന കേരള അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ നിന്നും 'ചോല' പിന്മാറിയിരുന്നു. പക്ഷപാതപരവും അൺപ്രൊഫഷണലുമായ രീതിയിലാണ് മേളയിൽ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ആരോപിച്ചുകൊണ്ടായിരുന്നു സനൽകുമാർ ശശിധരൻ തന്റെ ചിത്രം പിൻവലിച്ചത്. മഞ്ജു വാരിയർ നായികയാകുന്ന 'കയറ്റം' എന്ന തന്റെ പുതിയ ചിത്രത്തിന്റെ ജോലികളിലാണ് സനൽ ഇപ്പോൾ.