ന്യൂഡൽഹി: സർക്കാർ രൂപീകരിക്കാൻ മതിയായ സമയം നൽകിയില്ലെന്ന് ആരോപിച്ച് മഹാരാഷ്ട്ര ഗവർണർക്കെതിരെ ശിവസേന നൽകിയ ഹർജി ഇന്ന് രാത്രി പരിഗണിക്കില്ല. ബുധനാഴ്ച രാവിലെ പത്തരയ്ക്ക് ഹർജി അടിയന്തരസ്വഭാവത്തോടെ പരിഗണിക്കുമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ രൂപീകരണത്തിന് ഗവർണർ കൂടുതൽ സമയം നൽകിയില്ലെന്ന് കാണിച്ചാണ് ശിവസേന സുപ്രിംകോടതിയെ സമീപിച്ചത്. ബി.ജെ.പിക്ക് 48 മണിക്കൂർ നൽകിയെങ്കിലും ശിവസേനയ്ക്ക് 24 മണിക്കൂർ മാത്രമേ നൽകിയുള്ളൂ എന്നാണ് ആക്ഷേപം. ഗവർണറുടെ നടപടി വിവേചനപരമെന്നും അടിയന്തരമായി ഹർജി പരിഗണിക്കണമെന്നും ശിവസേന ഹർജിയിൽ പറയുന്നു.
ആർക്കും സർക്കാർ രൂപവത്കരിക്കാന്‍ കഴിയാതിരുന്നതോടെയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകീട്ട് രാഷ്ട്രപതി ഇതുസംബന്ധിച്ച ശുപാർശ അംഗീകരിക്കുകയായിരുന്നു.