ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി വളർച്ച നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ് - സെപ്‌തംബറിൽ 4.2 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന് എസ്.ബി.ഐയുടെ റിപ്പോർട്ട്. മുഖ്യ വ്യവസായ മേഖലയിലെ വളർച്ചാ ഇടിവ്, വാഹന വിപണിയുടെ തളർച്ച, വ്യോമയാന മേഖലയിലെ പ്രതിസന്ധി, നിർമ്മാണ മേഖലയിലെ നിക്ഷേപക്കുറവ് എന്നിവയാണ് ജി.ഡി.പി തകർച്ചയ്ക്ക് മുഖ്യകാരണങ്ങളാവുക.
ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ ജി.ഡി.പി വളർച്ച ആറുവർഷത്തെ താഴ്‌ചയായ അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞിരുന്നു. നേരത്തേ എ.ഡി.ബി., ലോകബാങ്ക്, റിസർവ് ബാങ്ക്, ഐ.എം.എഫ്., ഒ.ഇ.സി.ഡി എന്നിവയും ഇന്ത്യൻ ജി.ഡി.പി ഇടിയുമെന്ന് വിലയിരുത്തിയിരുന്നു. നടപ്പുവർഷം ഇന്ത്യൻ ജി.ഡി.പി അഞ്ചു ശതമാനത്തിലേക്ക് ഇടിയുമെന്നും എസ്.ബി.ഐയുടെ റിപ്പോർട്ടിലുണ്ട്. 6.1 ശതമാനം വളരുമെന്നായിരുന്നു ബാങ്കിന്റെ ആദ്യ വിലയിരുത്തൽ.