സ്ത്രീകളെ അവരുടെ സൗന്ദര്യത്തിന്റെ പേരിലും രൂപഭംഗിയുടെ പേരിലും മാത്രം അടയാളപ്പെടുത്തുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സംഗതിയാണ്. സെക്സിസം എന്നാണ് ഇതിന് പേര്. നിർദ്ദോഷകരമെന്ന മട്ടിൽ സ്ത്രീകളുടെ നേർക്കുണ്ടാകുന്ന ഇത്തരം സമീപനങ്ങൾ അങ്ങേയറ്റം പിന്തിരിപ്പനും സ്ത്രീകളുടെ മറ്റ് കഴിവുകളെ അഭിസംബോധന ചെയ്യാതെ അവരെ ശരീരങ്ങളായി മാത്രം കാണാൻ പ്രോത്സാഹനം നൽകുന്നതുമാണ്. വികസിത രാജ്യങ്ങളിൽ പോലും ഇത്തരത്തിലുള്ള ചിന്താഗതി നിലനിൽക്കുന്നുണ്ട് എന്നതാണ് ഏറെ കഷ്ടം . ഇത്തരത്തിലൊരു സംഭവമാണ് അടുത്തിടെ ജപ്പാനിൽ ഉണ്ടായത്. കണ്ണട വച്ച, ഹൈ ഹീൽഡ് ഷൂസ് ധരിക്കാത്ത സ്ത്രീകൾ ആകർഷകത്വമില്ലാത്തവരാണെന്നാണ് ഈ രാജ്യത്തെ ഏതാനും കമ്പനികൾ കണ്ടുപിടിച്ചിരിക്കുന്നത്.
അതുകൊണ്ട് കണ്ണട ധരിക്കാതെ വേണം ജോലിക്കെത്താനെന്നും, രണ്ടിഞ്ച് വരെ ഉയരമുള്ള ചെരുപ്പ് ധരിക്കണമെന്നും തങ്ങളുടെ കമ്പനികളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ജപ്പാനിലെ കമ്പനികൾ. കാഴ്ചാപ്രശ്നമുള്ളവർ കണ്ണടയ്ക്ക് പകരം കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കണമെന്ന് കമ്പനി 'പരിഹാര'വും നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യം കമ്പനികളിലെ റിസപ്‌ഷനിസ്റ്റുകളോടും, സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കുമാണ് നിർദ്ദേശം വന്നിരുന്നതെങ്കിൽ, പിന്നീട് ആശുപത്രികൾ, ബ്യൂട്ടി ക്ലിനിക്കുകൾ, ഷോറൂമുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്കും ഇതേ നിർദ്ദേശം ലഭിക്കുകയായിരുന്നു. ആൾക്കാരുമായി ഇടപെടുന്ന വനിതാ ജീവനക്കാരോടാണ് കമ്പനികൾ ഈ വിവേചനം കാട്ടുന്നത്. ഏതായാലൂം കമ്പനികളുടെ അങ്ങേയറ്റം സ്ത്രീവിരുദ്ധമായ ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിലൂടെയും മറ്റും രാജ്യവ്യാപകമായ പ്രതിഷേധമുയർത്തുകയാണ് ജാപ്പനീസ് വനിതകൾ.