health-

ഭാര്യയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലും പീഡനമായി കണ്ട് ക്രിമിനൽ കേസെടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് നമ്മുടെ നിയമംവ്യവസ്ഥ. ഭർത്താവിൽ നിന്ന് ലൈംഗികാതിക്രമം നിന്ന് അനുഭവിച്ച് ജീവിക്കുന്നവർ പലരും അത് പുറത്തുപറയാതെ ഉള്ളിലൊതുക്കി ജീവിക്കുന്നവരാണ്. പല സ്ത്രീകളും സാമ്പത്തികമായി ഭർത്താവിനെ ആശ്രയിക്കുന്നതിനാൽ ആ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞുമാറി പുറത്തുകടക്കാൻ കഴിയുന്നില്ലെന്ന് മാത്രം.

എന്നാൽ സാമ്പത്തികമായി ആശ്രയിക്കാത്ത സ്ത്രീകൾക്കും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഭർത്താവിന്റ ലൈംഗിക അടിമകളായുള്ള ജീവിതകഥ പറയാനുണ്ട്. ഇതിനെക്കുറിച്ച് കോഴിക്കോട് കൺസൾട്ടന്റ് സൈക്കോളജിസ്റ്റായ ഡോ ഷീല ഒരു ലേഖനത്തിൽ പറയുന്നതിങ്ങനെ..

'ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഭാര്യയെ വേദനിപ്പിച്ച് കൊണ്ട് സ്വന്തം കോംപ്ലക്‌സിനെ തൃപ്തിപ്പെടുത്തിയ ഒരു ക്ലയന്റുണ്ടായിരുന്നു എനിക്ക്. അയാളുടെ ഭാര്യയായിരുന്നു എന്റെ സഹായം തേടിവന്നത്. നല്ല വിദ്യാഭ്യാസവും സാമൂഹിക ജീവിതുമുള്ളയാളാണ് ഭാര്യയെന്ന ചിന്ത അയാൾക്കുള്ളിലെ അപകർഷതയെ വളർത്തി.അതെല്ലാം കിടപ്പറയിൽ അയാൾ തീർക്കുക പതിവായി. മാറിടത്തിൽ കടിച്ചു നുള്ളിയും പരിക്കേൽപിച്ചു കൊണ്ടാണ് അയാൾ തന്റെ ആണധികാരബോധത്തെ തൃപ്തിപ്പെടുത്തിയത്. കൗൺസിലിങ്ങിന് ശേഷം അവർ ഇപ്പോൾഒന്നിച്ചാണ് ജീവിതം. എന്നാൽ ഇത്തരത്തിൽ സൈക്കോളജിസ്റ്റുകളുടെ സഹായം തേടാത്ത സ്ത്രീകളാണ് വീട്ടകങ്ങളിലേറെയും,' ഡോ ഷീല പറയുന്നു.

ഭർത്താവ് ഭാര്യയേക്കാൾ മുകളിലാണെന്ന സ്ത്രീ വിരുദ്ധത, പുരുഷന് അനുകൂലമായ കുടുംബസാഹചര്യം, ഭാര്യ എല്ലാം സഹിക്കേണ്ടവളെന്ന കാലഹരണപ്പെട്ട കുടുംബതത്വങ്ങൾ, ലൈംഗിക വിദ്യാഭ്യാസമില്ലായ്മ, അമിതമായ ലഹരിഉപയോഗം എന്നിങ്ങനെ അനവധി നിരവധി കാരണങ്ങളുണ്ട് ദാമ്പത്യത്തിലെ ലൈംഗിക പീഡകൾക്കു പിന്നിൽ. ഭാര്യയോടുള്ള സംശയം, ഭാര്യയ്ക്ക് തന്നേക്കാൾ അല്‍പം കൂടി സ്വീകാര്യത സമൂഹത്തിൽ ലഭിക്കുന്നതിന്റെ ഈഗോ, അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള രസക്കുറവ് തുടങ്ങിയ കാരണങ്ങൾ വരെ ദാമ്പത്യത്തിൽ പ്രതിഫലിക്കുകയും അത് ഭർത്താവിനോടുള്ള ലൈംഗിക ആസക്തിയില്ലായ്മയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതാണ് പിന്നീട് നിർബന്ധിത ലൈംഗിക ബന്ധത്തിലേക്കെത്തിക്കുന്നതും ഡോ.ഷീല പറയുന്നു.

ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളായതിനാൽ സ്ത്രീകൾ പുറത്തു പറയില്ല എന്ന പുരുഷന്റെ ആത്മവിശ്വാസമാണ് പലപ്പോഴും ഭർതൃബലാത്സംഗം സഹിച്ച് ജീവിക്കാൻ പല സ്ത്രീകളെയും പ്രേരിപ്പിക്കുന്നത്. മാത്രമല്ല അവളെ വളർത്തിയ കുടുംബവും സമൂഹവും ഭർതൃബലാത്സംഗം എന്താണെന്നോ ചുരുങ്ങിയത് നിർബന്ധിത ലൈംഗിക ബന്ധം എന്താണെന്നോ ഉള്ള തിരിച്ചറിവ് പോലും സ്ത്രീകൾക്ക് നല്‍കുന്നില്ല. പരാതികളുമായെത്തുന്ന പെൺമക്കളോട് അച്ഛനമ്മമാർ അഡ്ജസ്റ്റ് ചെയ്യൂ എന്ന് പറയുന്നതും സർവ്വസാധാരണമാണെന്ന് അവർ കൂട്ടിച്ചേർത്തു.