ന്യൂയോർക്ക്: നിർബന്ധപൂർണമായ ഉത്തേകമരുന്നുയോഗം തന്റെ സ്ത്രീത്വവും കൗമാരവും കവർന്നെടുത്തെന്ന് അമേരിക്കൻ യുവ അത്‌ലറ്റ് മേരി കെയ്ൻ. അമേരിക്കയിലെ നൈക്കി ഒറിഗണ്‍ പ്രൊജക്റ്റിനെതിരേയും ലോകോത്തര താരങ്ങളുടെ പരിശീലകനായ ആൽബർട്ടോ സലാസറിനെതിരേയുമാണ് 23കാരിയായ അത്‌ലറ്റ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതിയുമായി മേരി കെയ്ൻ കോടതിയെ സമീപിച്ചു.
മധ്യ-ദീർഘദൂര ഓട്ടങ്ങളിൽ പങ്കെടുക്കാനായി ഓറിഗൺ നൈക്കി പ്രോജക്ടിൽ മേരി കെയ്‌നും ചേർന്നിരുന്നു. അത്‌ലറ്റിക്‌സിലെ വണ്ടർ കിഡ് എന്ന് വിശേഷിപ്പിച്ചു പ്രകടനം മെച്ചപ്പെടുത്താനുള്ള മരുന്നുകൾ നൽകുകയായിരുന്നു സലാസർ. നിരന്തരമായ മരുന്നുപയോഗം തന്റെ ഭാരം കുറച്ചുവെന്നും പതിനേഴാം വയസിൽ ആർത്തവം നിലച്ചുവെന്നും സ്ത്രീത്വം നഷ്ടപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു. അസ്ഥികൾ പലതവണ പൊട്ടി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഇപ്പോൾ മേരി കെയ്ന്‍ നേരിടുന്നത്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് മേരി കെയ്‌നിന്റെ വെളിപ്പെടുത്തൽ.
മേരി കെയ്‌നിന്റെ ആരോപണങ്ങൾ ഗൗരവമായി കാണുന്നുവെന്നും എത്രയും പെട്ടെന്ന് അന്വേഷണത്തിന് ഉത്തരവിടുമെന്നും നൈക്കി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ വർഷം ഏപ്രിലിൽ ഒറിഗൺ പ്രൊജക്റ്റിൽ വീണ്ടും ചേരാൻ മേരി താത്പര്യം പ്രകടിപ്പിച്ചിരുന്നുവെന്നും എന്നാൽ ആ സമയത്ത് മേരിയോ അവളുടെ മാതാപിതാക്കളോ ഇത്തരമൊരു പ്രശ്‌നം ചൂണ്ടിക്കാണിച്ചില്ലെന്നും നൈക്കി വ്യക്തമാക്കുന്നു.
ലോകോത്തര താരങ്ങളായ മോ ഫറ, സിഫാൻ ഹസ്സൻ, ക്‌ളോസ്റ്റർ ഹാഗൻ എന്നിവരുടേയെല്ലാം പരിശീലകനാണ് സലാസർ. ഉത്തേജക മരുന്ന് ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് സലാസറിനെ നാല് വർഷത്തേക്ക് വിലക്കിയിരുന്നു. ഒപ്പം സലാസർ പരിശീലകനായ നൈക്കി ഒറിഗൺ പ്രൊജക്ട് അടച്ചുപൂട്ടുകയും ചെയ്തു. നിലവിൽ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ലോക സ്‌പോർട്‌സ് കോടതിയെ സമീപിച്ചിരിക്കുകയാണ് സലാസർ.