ന്യൂഡൽഹി: തന്റെ ജന്മദിനാഘോഷത്തിനിടെ 33കാരിയായ കാമുകിയെ കൊലപ്പെടുത്തി 21കാരൻ. വടക്കൻ ഡൽഹിയിലെ ഒരു ഹോട്ടലിൽ വച്ചാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ അലിപ്പൂർ സ്വദേശിയായ ചെറുപ്പക്കാരനെ അധികം താമസിയാതെ തന്നെ പൊലീസ് കണ്ടെത്തുകയായിരുന്നു. താൻ അറിഞ്ഞുകൊണ്ടല്ല കാമുകിയെ കൊലപ്പെടുത്തിയതെന്നാണ് യുവാവ് പൊലീസിനോട് പറയുന്നത്. ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഇവർ ഇരുവരും മദ്യപിച്ചിരുന്നു. എന്നാൽ ഇവർ തമ്മിൽ ഇടയ്ക്കുവച്ച് വഴക്കുണ്ടാകുകയും തുടർന്ന് യുവാവ് തന്റെ കാമുകിയുടെ കഴുത്തിൽ ആഞ്ഞടിക്കുകയായിരുന്നു.
അടിയുടെ ആഘാതത്തിൽ യുവതി ബോധംകെട്ട് വീണതിനെ തുടർന്ന് 21കാരൻ മുറിവിട്ട് പോകുകയും അതിനുശേഷം കേസിൽ കുടുങ്ങാതിരിക്കാനായി ഒളിവിൽ പോകുകയുമായിരുന്നു. പിറ്റേദിവസം മുറിയിൽ ചെന്ന ഹോട്ടൽ ജീവനക്കാരാണ് അനക്കമില്ലാതെ കിടക്കുന്ന 33കാരിയെ കണ്ടെത്തുന്നത്. ഇവരെ ഉടൻതന്നെ ആശുപത്രീയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് ഹോട്ടൽ അധികൃതർ പൊലീസിനെ വിവരമറിയിച്ചു. ആശുപത്രിയിൽ എത്തും മുൻപേ യുവതി മരിച്ചിരുന്നതായി ആശുപത്രി അധികൃതർ പൊലീസിനോട് പറഞ്ഞു. അബദ്ധവശാലാണ് താൻ കാമുകിയുടെ കഴുത്തിൽ അടിച്ചതെന്ന് യുവാവും പറയുന്നുണ്ട്. അടിയുടെ ആഘാതത്തിൽ തന്നെയാണ് 33കാരി മരിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.