മുംബയ്: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള അനിശ്ചിതത്വത്തിനൊടുവിൽ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയത്. എന്നാൽ, സർക്കാരുണ്ടാക്കാനുള്ള നീക്കങ്ങളിൽ സജീവമാണ് രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസ് - എൻ.സി.പി സഖ്യവുമായി ചേർന്ന് പൊതു മിനിമം പരിപാടി ആലോചിക്കുമെന്ന് രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. സർക്കാർ രൂപീകരണത്തിന് വിശദമായ ചർച്ച തുടരുമെന്ന് കോൺഗ്രസും എൻ.സി.പിയും വ്യക്തമാക്കുകയും ചെയ്‌തു. എന്നാൽ, കോൺഗ്രസ് - എൻ.സി.പി - ശിവസേന സഖ്യത്തിന് സാദ്ധ്യതയില്ലെന്നും തങ്ങൾ തന്നെ സർക്കാരുണ്ടാക്കുമെന്നും അവകാശപ്പെട്ട് ബി.ജെ.പിയും ഇന്നലെ രാത്രി രംഗത്തു വന്നു.
ശിവസേന എൻ.സി.പി സഖ്യ സർക്കാരിൽ കോൺഗ്രസും പങ്കാളിയാകണമെന്നാണ് ശരദ് പവാറിന്റെ നിലപാട്. ശിവസേന ബി.ജെ.പിയോട് ആവശ്യപ്പെട്ടത് പോലെ 50:50 ഫോർമുല ശരത് പവാറും മുന്നോട്ട് വച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പദം രണ്ടര വർഷത്തിന് ശേഷം കൈമാറണമെന്നാണ് ആവശ്യം. മൂന്ന് പാർട്ടികൾക്കും 14 വീതം മന്ത്രി സ്ഥാനങ്ങൾ ലഭിക്കണം. എൻ.സി.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടും. ഉപമുഖ്യമന്ത്രി സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കണം. ഇതൊക്കെയാണ് ശരദ് പവാർ കോൺഗ്രസിന് മുൻപാകെ വച്ചിരിക്കുന്ന നിർദേശങ്ങൾ.
അതേസമയം, രാഷ്ട്രീയ പാർട്ടികൾ സർക്കാരുണ്ടാക്കാനായി കൃത്യമായ ഭൂരിപക്ഷവുമായി ഗവർണറെ സമീപിച്ചാൽ രാഷ്ട്രപതി ഭരണം പിൻവലിക്കേണ്ടി വരും. ഇക്കാര്യം ബി.ജെ.പി നേതാക്കൾ വരെ സമ്മതിക്കുന്നു. രാഷ്ട്രപതി ഭരണം സാങ്കേതികമായ കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. നിലവിൽ ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ, ഗവർണർ തങ്ങൾക്ക് അധിക സമയം നൽകാതിരുന്നത് ചോദ്യം ചെയ്‌ത് ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി ഇന്ന് രാവിലെ 10.30ന് കോടതി പരിഗണിച്ചേക്കും. ഭൂരിപക്ഷം തെളിയിക്കാൻ ഇന്നലെ രാത്രി എട്ടരവരെ നൽകിയ സമയം മതിയാകില്ലെന്നും ഒരു ദിവസം കൂടി വേണമെന്നും എൻ.സി.പി ഇന്നലെ രാവിലെ 11.30ന് കത്തു നൽകിയിരുന്നു. എന്നാൽ സർക്കാർ രൂപീകരണത്തിനുള്ള സാഹചര്യമില്ലെന്ന് ഗവർണർ ഉച്ചയോടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.