beach

പാരിസ്: കടൽ തീരത്ത് മത്സ്യങ്ങളും മാലിന്യങ്ങളുമൊക്കെ വന്നടിയുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ, കടൽ തീരത്ത് മാരക മയക്കു മരുന്നായ കൊക്കെയ്ൻ കിലോക്കണക്കിന് അടിഞ്ഞുകൂടുന്ന ഒരിടമുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ തെക്കുപടിഞ്ഞാറൻ ഫ്രാൻസിലാണ് ഇത്തരത്തിൽ കൊക്കെയ്ൻ ലഭിക്കുന്നത്. പാക്കറ്റുകളിലായാണ് ഇവിടെ കൊക്കെയിൻ കണ്ടെടുത്തത്. ഈ മാരക മയക്കു മരുന്ന് കടൽ തീരത്ത് അടിയുന്നത് പതിവായതോടെ ഇവിടുത്തെ ബീച്ചുകളെല്ലാം അധികൃതർ‌ അടച്ചു.

കൊക്കെയ്ൻ തിരഞ്ഞെത്തുന്നവരുടെ എണ്ണം കൂടിയതും കൗമാരക്കാർ വരെ കൊക്കെയ്ൻ പാക്കറ്റുകൾ ശേഖരിക്കാനെത്തുന്നതും വർദ്ധിച്ചതോടെയാണ് ബീച്ചുകളിൽ പ്രവേശനം വിലക്കാൻ അധികൃതർ തീരുമാനിച്ചത്. കഴിഞ്ഞദിവസം ഒരു 17-കാരനെ അഞ്ചുകിലോ കൊക്കെയ്‌നുമായി പൊലീസ് പിടികൂടിയിരുന്നു. തൗലോസിൽ നിന്ന് മൂന്നുമണിക്കൂറിലേറെ വണ്ടിയോടിച്ചാണ് 17-കാരന്‍ കൊക്കെയ്ൻ പാക്കറ്റ് കൈക്കലാക്കാൻ എത്തിയത്. ഇതിനുപിന്നാലെയാണ് കടൽതീരങ്ങളിൽ പരിശോധന കർശനമാക്കാന്‍ പൊലീസ് തീരുമാനിച്ചത്.

ഉൾക്കടലിലും സമാനരീതിയിലുള്ള പാക്കറ്റുൾകണ്ടതായി കസ്റ്റംസ് ഉദ്യോഗസ്ഥർ വിവരം നൽകിയിരുന്നു. നൂറോളം അന്വേഷണ ഉദ്യോഗസ്ഥരാണ് നിലവിൽ ഈ കൊക്കെയ്ൻ പ്രതിഭാസത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നത്. അതേസമയം, ഏറെ അപകടകരമായ കൊക്കെയ്ൻ ആണ് തീരത്തടിയുന്നതെന്നും ജനങ്ങൾ ഒരുകാരണവശാലും പാക്കറ്റുകളിൽ തൊടരുതെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊക്കെയ്ൻ വന്നടിയുന്ന വിവരമറിഞ്ഞ് നിരവധിപേരാണ് കടൽതീരങ്ങളിലേക്ക് വരുന്നതെന്നും പൊലീസ് പറയുന്നു.

ഒക്ടോബർ പകുതി മുതൽ ആയിരം കിലോഗ്രാമിലേറെ കൊക്കെയ്‌നാണ് ഇവിടങ്ങളിലെ കടൽത്തീരത്തുനിന്ന് ലഭിച്ചത്. അഞ്ചുകിലോ തൂക്കം വരുന്ന പാക്കറ്റുകളാണ് കടലിൽനിന്ന് തീരത്തടിയുന്നത്. എല്ലാ തീരങ്ങളിലുമായി ദിവസവും നൂറുകിലോയോളം കൊക്കെയ്ൻ വന്നടിയുന്നുണ്ട്. എന്നാൽ, ഇതുവരെ ഈ കൊക്കെയ്ൻ പാക്കറ്റുകളുടെ ഉറവിടം എവിടെയാണെന്ന് അധികൃതർക്ക് കണ്ടെത്താനായിട്ടില്ല.