ചരിത്രപുരുഷന്മാർ അവരവരുടെ കാലഘട്ടത്തിന്റെ സൃഷ്ടികളാണ്. അതുകൊണ്ടുതന്നെ മറ്റൊരു കാലഘട്ടത്തിൽ നിന്നുകൊണ്ട് അവരെ വിലയിരുത്തുന്നതിൽ ചില പരിമിതികളുണ്ട്. കാലത്തിന്റെ രാഷ്ട്രീയം അതിനെ നിറംചാർത്തുകയൂം അതിന്റെ ഫലമായി അവർ വാഴ്ത്തപ്പെടുകയോ ഇകഴ്ത്തപ്പെടുകയോ ചെയ്യാം. ഒരാളുടെ ജീവിതത്തെ വ്യത്യസ്തമായി വായിക്കുന്ന ഈ രീതി ഇന്ന് നെഹ്രുവിന്റെ കാര്യത്തിലും സംഭവിക്കുന്നു. മുൻകാലങ്ങളിൽ അദ്ദേഹത്തെ നാം രാഷ്ട്രശില്പിയായികണ്ട് ആദരിച്ചെങ്കിൽ ഇപ്പോൾ അവഗണിക്കുന്നു, മോശമായി ചിത്രീകരിക്കുന്നു. ഇന്റർനെറ്റിൽ പരതിനോക്കിയാൽ ഇത് ബോദ്ധ്യമാകും. ജവഹർ എന്ന വാക്ക് അറബി ഭാഷയിൽ നിന്നും വന്നതാണെന്നും അദ്ദേഹത്തിന്റെ അച്ഛന്റെ പേര് ഗിയാസുദിൻ ഘാസിയാണെന്നുവരെ അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു പ്രത്യേകതരം ചരിത്രത്തെ സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആൾക്കൂട്ടമാണ് ഇതിനു പിന്നിൽ. ഇക്കാരണത്താൽ തന്നെ ഇന്ത്യയെ കണ്ടെത്തിയ നെഹ്രുവിനെ നമുക്ക് കണ്ടെത്തേണ്ടതുണ്ട്.
നെഹ്രുവിന് പല തെറ്റുകളും സംഭവിച്ചിട്ടുണ്ട്.ഇതദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുമുണ്ട്.ഇന്നത്തെ പല നേതാക്കളേയുംപോലെ തെറ്റുകൾക്ക് അതീതനാണെന്ന് അദ്ദേഹം അവകാശപ്പെട്ടില്ല. തിരിഞ്ഞ് നോക്കുമ്പാൾ ഒരുകാര്യം വ്യക്തമാണ്, നെഹ്രുവിന് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും അദ്ദേഹം ഒരിക്കലും ഇന്ത്യയുടെ തെറ്റായിരുന്നില്ല. നെഹ്രുവിന്റെ മഹത്വങ്ങളിൽ ഒന്ന് അദ്ദേഹം ഭൂതകാലത്തെ തിരുത്താൻ തുനിഞ്ഞില്ലെന്നതാണ്. ഭൂതകാലത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് വർത്തമാനത്തെ തിരുത്താനാണ് അദ്ദേഹം ഉദ്യമിച്ചത്. അദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേറ്റ കാലഘട്ടം അങ്ങേയറ്റം സ്‌ഫോടനാത്മകമായിരുന്നല്ലോ. മൗണ്ട് ബാറ്റന്റെ വാക്കുകൾ കടമെടുത്താൽ, സ്‌ഫോടകവസ്തുക്കളും പേറി ആഴക്കടലിൽ കത്തിക്കൊണ്ടിരുന്ന കപ്പലായിരുന്നു ഇന്ത്യ.
ദരിദ്രരും പരസ്പരം വിഘടിച്ചുനിന്നതുമായൊരു ജനതയെ ഐക്യത്തിലേക്കും അഭിവൃദ്ധിയിലേക്കും നയിക്കുക എന്ന ദൗത്യമാണ് നെഹ്രു ഏറ്റെടുത്തത്. അദ്ദേഹത്തിന് രാഷ്ട്രനിർമ്മാണം ഒരേസമയം ഒരു രാഷ്ട്രീയ-സാമ്പത്തിക പ്രക്രീയയും ബൗദ്ധിക പദ്ധതിയുമായിരുന്നു. ഗാന്ധിജിയേയും അംബേദ്ക്കറേയും പോലെ ഇന്ത്യയെക്കുറിച്ചൊരു ദർശനമുണ്ടായിരുന്ന നേതാവായിരുന്നു നെഹ്രു. മതേതരജനാധിപത്യവും സോഷ്യലിസവും സ്വയം പര്യാപ്തതയും സാമൂഹ്യനീതിയുമായിരുന്നു അതിന്റെ ഉള്ളടക്കം.നെഹ്രു വിലമതിച്ച ഏറ്റവും വലിയ മൂല്യങ്ങളിൽ ഒന്നായിരുന്നു മതേതരജനാധിപത്യം. മറ്റൊന്നിനേയും പൗരാവകാശങ്ങൾക്കും മാധ്യമ സ്വാന്ത്ര്യത്തിനും സ്വതന്ത്ര നീതിപീഠങ്ങൾക്കും പാർലമെന്ററി സമ്പ്രദായത്തിനും മുകളിലായി അദ്ദേഹം പ്രതിഷ്ഠിച്ചില്ല.
ജനാധിപത്യത്തെ അദ്ദേഹം ആശയങ്ങളുടെ സ്വതന്ത്രവിപണിയായി കാണുകയും അതിന്റെ തകർച്ച ഇന്ത്യയെ സർവ്വനാശത്തിലേക്ക് നയിക്കുമെന്ന് കരുതുകയും ചെയ്തു. ജനാധിപത്യത്തിന്റെ ഈ കണ്ണിലൂടെയാണ് സാമൂഹ്യമാറ്റത്തേയും, വികസനത്തേയും, സോഷ്യലിസത്തേയും അദ്ദേഹം കണ്ടത്. നെഹ്രുവിയൻ ജനാധിപത്യത്തിന്റെ മറ്റൊരടിത്തറ മതനിരപേക്ഷതയായിരുന്നു. രാഷ്ട്രീയത്തേയും ഭരണത്തേയും വിദ്യാഭ്യാസത്തേയും മതത്തിൽ നി്ന്ന് വേർതിരിച്ചുനിർത്താനും അതിനെ പൗരന്റെ സ്വകാര്യപ്രശ്നമായി കാണാനുമാണ് അദ്ദേഹം ശ്രമിച്ചത്. മതങ്ങളോട് തുല്യ ബഹുമാനവും മതവിശ്വാസികൾക്ക് അവസരസമത്വവും ഉറപ്പാക്കുന്നതായിരുന്നു ഇതിന്റെ കാതൽ. മറുവശത്ത്, വർഗീയതയെ ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസമില്ലാതെ, നിശിതമായി വിമർശിക്കാനും അമാന്തിച്ചില്ല. നെഹ്രുവിനെ സംബന്ധിച്ചിടത്തോളം വർഗീയത ഏതായാലും ഫാസിസത്തിന്റെ ഇന്ത്യൻ പതിപ്പാണ്.
മാത്രമല്ല, അത് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ന്യൂനപക്ഷങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്ന തിരിച്ചറിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. സാമ്പത്തിക നയങ്ങളും സോഷ്യലിസവും രാജ്യപുരോഗതിയും ഉൽപാദനക്ഷമതയും പരസ്പരപൂരകങ്ങളാണെന്ന ബോധ്യത്തിൽനിന്നാണ് സമ്പദ്ഘടനയേയും സോഷ്യലിസത്തേയും കുറിച്ചുള്ള സമീപനം അദ്ദേഹം രൂപപ്പെടുത്തിയത്. കോൺഗ്രസിന്റെ ആവഡി സമ്മേളനത്തിൽ (1955) അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.ദേശീയവരുമാനം വർദ്ധിപ്പിക്കാതെ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കാനാവില്ല. കമ്മ്യൂണിസത്തിനും സോഷ്യലിസത്തിനും കൈവശമുള്ള സമ്പത്തിനെ വീതംവയ്ക്കാനെ കഴിയു. ഇന്ത്യയുടെ പ്രശ്നം വീതം വയ്ക്കാൻ സമ്പത്തില്ലെന്നതാണ്.
ഇതിന്റെ ഉപോൽപ്പന്നമായാണ് മിശ്രസമ്പദ്ഘടനയെ അദ്ദേഹം കണ്ടതും. ഒരു ഭരണാധികാരി എന്ന നിലയ്ക്കും അദ്ദേഹം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ജനാധിപത്യബോധമായിരുന്നു ഇവിടെയും കൈമുതൽ. 'നിങ്ങൾ എന്തെഴുതിയാലും ഒരിക്കലും അത് ഭയത്തോടെ ആകരുത്- എന്നദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകിയ ഉപദേശം തന്നെമതി ഇത് തെളിയിക്കാൻ. പൊതുപ്രശ്നങ്ങളിൽ അചഞ്ചലമായ തീരുമാനം എടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. പ്രശസ്ത പത്രപ്രവർത്തകൻ ഫ്രാങ്ക് മൊറെയ്സ് നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ഫയൽ നോട്ടുകൾ ഹ്രസ്വവും വ്യക്തവും ഉദ്യോഗസ്ഥർക്ക് സംശയങ്ങൾക്ക് ഇടനൽകാത്തതുമായിരുന്നു. പോരെങ്കിൽ പ്രശ്നങ്ങളിൽ പെട്ടെന്ന് തീരുമാനവും എടുത്തിരുന്നു.. അദ്ദേഹം ഡൽഹിയിൽ ഉളളപ്പോൾ ഭരണചക്രം ചടുലതയോടും സുഗമമായും ചലിച്ചു. നെഹ്രുവിന്റെ നയങ്ങൾക്ക് പലവിധ പോരായ്മകളുണ്ടായിരുന്നു എന്നത് വാസ്തവംതന്നെ
1959ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ പിരിച്ചുവിട്ടത് വലിയ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തി. മാത്രമല്ല, അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങൾക്ക് പലപ്പോഴും ലക്ഷ്യം കണ്ടെത്താൻ കഴിഞ്ഞതുമില്ല സോഷ്യലിസം സ്ഥാപിക്കാൻ സഹായകവുമായില്ല. എന്നാൽ മറുവശത്ത്, ദാരിദ്ര്യം ലഘൂകരിച്ചതിന്റെയും, വിദ്യാസമ്പന്നരായൊരു മധ്യവർഗ്ഗത്തെ സൃഷ്ടിച്ചതിന്റെയും മതേതരജനാധിപത്യത്തെ പുഷ്ടിപ്പെടുത്തിയതിന്റെയും ശാസ്ത്ര - സാങ്കേതിക രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളുടെയും ഇന്ത്യയുടെ വ്യവസായവൽക്കരണത്തിന്റെയും പിിന്നിൽ നെഹ്രുവിന്റെ കയ്യൊപ്പ് തെളിഞ്ഞ് കാണാം. ഇ.എം. ഫോസ്റ്ററുടെ ഭാവനയിൽ തെളിഞ്ഞ ഒരു കാര്യംകൂടി പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. ഫ്രഞ്ച് ദാർശനികൻ വോൾട്ടയർ ജീവിതത്തിലേക്ക് മടങ്ങിവരുന്നതും മാനവരാശിയുടെ ഭാവിയെകുറിച്ച് ലോകത്തെ ഭരണാധികാരികൾക്ക് കത്തെഴുതാൻ തുനിയുന്നതുമാണ് അതിന്റെ ഉളളടക്കം. എന്നാൽ തന്റെ കത്ത് സ്വീകരിക്കാൻ യോഗ്യതയുളളതായി ഒരാളെ മാത്രമേ അദ്ദേഹം കണ്ടുള്ളു - ജവഹർലാൽ നെഹ്രു. ഇത് ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരംകൂടിയാണ്.