o-rajagopal

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബി.ജെ.പിയുടെ ഒരേയൊരു എം.എൽ.എ ഒ.രാജഗോപാലും തമ്മിലുള്ള വാഗ്വാദത്തിനു കൂടി കഴിഞ്ഞ ദിവസം നിയമസഭ വേദിയായി. ശബരിമലയിൽ മുന്നൊരുക്കങ്ങൾ ഉറപ്പാക്കാണമെന്നാവശ്യപ്പെട്ട് ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചപ്പോഴായിരുന്നു മന്ത്രിയും എ.എൽ.എയും തമ്മിൽ കൊമ്പുകോർത്തത്. പൊലീസുകാർ തമിഴ്‌നാട്ടിൽ പോയി അകമ്പടി സേവിച്ച് യുവതികളെ കൊണ്ടു വരേണ്ട ആവശ്യം എന്തായിരുന്നുവെന്ന് രാജഗോപാൽ ചോദിച്ചു. വിശ്വാസികളല്ലാത്തവരെ ഭക്തവേഷം കെട്ടിച്ച് കൊണ്ടുവരേണ്ട ആവശ്യമെന്താണെന്നും രാജാഗോപാൽ ചോദിച്ചു.

കേരളത്തിന്റെ നവോത്ഥാനം പരിശേധിച്ചാൽ എല്ലാ നവോത്ഥാന പ്രവർത്തനങ്ങളും അദ്ധ്യാത്മിക നവോത്ഥാനങ്ങളായിരുന്നുവെന്ന് കാണാം. അതിൽ ഭൗതികവാദ നിരീശ്വര പ്രസ്ഥാനങ്ങൾക്ക് ഒരു പങ്കുമില്ലെന്ന് രാജാഗോപാൽ പറഞ്ഞു. സർക്കാരിന്റെ പിടിവാശിയും അമിതനിയന്ത്രണങ്ങളും ഐഡന്റിന്റി കാർഡ് പരിശോധിച്ചുള്ള പ്രവേശനവുമാണ് കഴിഞ്ഞ സീസണിൽ തീർത്ഥാടകരുടെ എണ്ണം മൂന്നിലൊന്നായി കുറയാൻ കാരണമായതെന്നും രാജഗോപാൽ ആരോപിച്ചു.

സാമൂഹിക വിരുദ്ധരെയും കൂലിത്തല്ലുകാരെയും ഇത്തവണ കൊണ്ടുവരരുതെന്നും അയോധ്യ വിധി മാനിച്ചതുപോലെ ശബരിമല വിധിയും മാനിക്കാൻ ആർ.എസ്.എസുകാരെ സാത്വികനായ രാജഗോപാൽ ഉപദേശിക്കണമെന്നുമായിരുന്നു മന്ത്രി കടകംപള്ളിയുടെ പരിഹാസരൂപേനയുള്ള മറുപടി.