ന്യൂഡൽഹി: കർണാടകയിൽ 17 വിമത എം.എൽ.എമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി ശരിവച്ച് സുപ്രീം കോടതി. മുൻ സ്പീക്കർ രമേശ് കുമാറിന്റെ നടപടി ചോദ്യം ചെയ്തുകൊണ്ട് അയോഗ്യരാക്കപ്പെട്ട എം.എൽ.എമാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്. രാജിയും അയോഗ്യതയും തമ്മിൽ ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ഇവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് വിധിയിൽ പറയുന്നു. നിയമസഭയുടെ കാലവധി അവസാനിക്കുന്ന 2023 വരെ 17 എം.എൽ.എമാരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ടായിരുന്നു നേരത്തെ സ്‌പീക്കർ പുറപ്പെടുവിപ്പിച്ച ഉത്തരവ്. 13 കോൺഗ്രസ്, മൂന്ന് ദൾ, ഒരു കെ.പി.ജെ.പി എം.എൽ.എ എന്നിവരെയാണ് അയോഗ്യരാക്കിയത്. അതേസമയം വീണ്ടും മത്സരിക്കാമെന്ന സുപ്രീം കോടതി വിധി യെദ്യൂരപ്പ സർക്കാരിന് വലിയ ആശ്വസമാണ് നൽകുന്നത്.
ഭരണപക്ഷത്തെ 17 എം.എൽ.എമാർ കാലുമാറി ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് കർണാടകയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിന് താഴെയിറങ്ങേണ്ടി വന്നത്. 225 അംഗ കർണാടക നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിൽ 105 അംഗങ്ങളുടെ പിന്തുണയോടെയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. സഖ്യ സർക്കാരിന് 99 അംഗങ്ങളുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഡിസംബർ അഞ്ചിനാണ് കർണാടകയിലെ 15 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.