ന്യൂഡൽഹി: അയോദ്ധ്യ വിധിക്കു ശേഷം രാജ്യമൊട്ടാകെ കാത്തിരുന്ന ശബരിമല യുവതി പ്രവേശന കേസിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. നാളെ 10.30ന് വിധി പ്രസ്‌താവിക്കുമെന്നാണ് സൂചന. പുനപരിശോധനാ ഹർജികളിലാണ് വിധി പറയുക. 56 പുനപരിശോധന ഹർജികളാണ് ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കോടതിക്കു മുമ്പിലുള്ളത്. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച വിധിയാണ് നാളെ അറിയാൻ കഴിയുക.
ശബരിമലയിൽ ഏത് പ്രായത്തിലുമുള്ള വനിതകൾക്ക് ഉപാധികളില്ലാതെ പ്രവേശനം അനുവദിച്ച 2018 സെപ്‌തംബർ 28ലെ വിധിക്കെതിരെ സമർപ്പിച്ച പുനപരിശോധന ഹർജികളിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറയുക. ശബരിമലയിൽ യുവതികൾക്കുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് യംഗ് ലോയേഴ്സ് അസോസിയേഷൻ 2009ൽ സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതിന് പിന്നാലെ കേരളം വൻ പ്രതിഷേധ പ്രക്ഷോഭങ്ങൾക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു. ശബരിമല യുവതി പ്രവേശന വിധിക്കെതിരെ പുനപരിശോധന ഹർജികളും റിട്ട് ഹർജികളും ഉൾപ്പെടെ 56 പരാതികളാണ് സുപ്രീം കോടതിയിൽ എത്തിയത്. മേയിൽ ഹർജികളിൽ വാദം കേട്ടശേഷം വിധി പ്രസ്‌താവത്തിന് മാറ്റിവയ്‌ക്കുകയായിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യം കാത്തിരുന്ന അയോദ്ധ്യ വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാനും പകരം അഞ്ചേക്കർ പള്ളി പണിയുന്നതിനായി നൽകണമെന്നുമായിരുന്നു വിധി. ഇതിനെ തുടർന്ന് ഏറ്റവും കൂടുതൽ പ്രതീക്ഷിച്ചിരുന്ന വിധിയായിരുന്നു ശബരിമല യുവതി പ്രവേശം.
വിധി എന്തായാലും അംഗീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്‌മകുമാർ പ്രതികരിച്ചു. തങ്ങൾക്ക് ശുഭപ്രതീക്ഷയാണെന്നും എല്ലാവരും സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും പദ്‌മകുമാർ പറഞ്ഞു.
അതേസമയം, റഫാൽ യുദ്ധവിമാന ഇടപാട് കേസിലെ പുനപരിശോധനാ ഹർജികളിലും സുപ്രീം കോടതി നാളെ വിധി പറയും. റഫാൽ യുദ്ധവിമാന ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ തുടങ്ങിയവരാണ് സുപ്രീംകോടതിയിൽ പുന:പരിശോധന ഹർജികൾ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക.