കൊൽക്കത്ത: തെരുവു നായകളോടുള്ള കടുത്ത ആരാധന കാരണം വീട്ടമ്മ ബാങ്കിൽ നിന്ന് ലോൺ വരെ എടുത്തു. നാനൂറിൽപരം വരുന്ന തെരുവ് നായകൾക്ക് മരുന്നിനും ഭക്ഷണത്തിനുമായാണ് വീട്ടമ്മ സ്വന്തം ആഭരണങ്ങൾ വിൽക്കുകയും, ബാങ്കിൽ നിന്ന് വായ്പയെടുക്കുകയും ചെയ്തത്. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലെ കല്യാണി ബി-11 ഏരിയയിലെ നിലഞ്ജന ബിശ്വാസ് ആണ് സ്വന്തം ജീവിത സമ്പാദ്യം വരെ തെരുവു നായകൾക്കായി മാറ്റിവച്ചത്. പ്രതിമാസം 40,000 രൂപയാണ് മക്കളെ പോലെ കാണുന്ന തെരുവ് നായ്‌ക്കൾക്കായി വീട്ടമ്മ ചിലവിടുന്നത്. പണം തികയാതെ വന്നതോടെ രണ്ടുലക്ഷം രൂപ വിലവരുന്ന സ്വന്തം സ്വർണാഭരണങ്ങൾ പോലും ഇവർ വിറ്റു.
''ഞാൻ ആകെ വാങ്ങിയത് ജ്യൂ എന്ന നായ്ക്കുട്ടിയെ മാത്രം. മറ്റുള്ളവരെയെല്ലാം തെരുവിൽ നിന്ന് കിട്ടിയതാണ്. പക്ഷേ എല്ലാവരും എനിക്ക് പ്രിയപ്പെട്ടവരാണ്''- നിലഞ്ജന പറയുന്നു. ഭർത്താവിനോടും അയൽക്കാരോടുമെല്ലാം നിരന്തരം വഴക്കിട്ടാണ് നിലഞ്ജന തന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. തെരുവ് നായ്ക്കളുടെ വലിയ കൂട്ടം എപ്പോഴും വീട്ടിന് മുന്നിലുണ്ടാകും. ഇക്കാരണംകൊണ്ട് തന്നെ അയൽക്കാർ നിലഞ്ജനയെ ശത്രുവായാണ് കാണുന്നത്. വ്യവസായിയായ ഭർത്താവ് ഭാബ്തോഷ് ബിശ്വാസിന് ഭാര്യയുടെ ഇത്തരം പ്രവൃത്തികളോട് യോജിപ്പില്ല. എന്നാൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മകൻ അഷുതോഷ് ബിശ്വാസ് അമ്മയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
അഞ്ചുവർഷം മുൻപാണ് നിലഞ്ജന തെരുവ് നായ്ക്കൾക്ക് വേണ്ടി ജീവിതത്തിന്റെ നല്ലൊരുസമയവും ചിലവിടാൻ തീരുമാനിച്ചത്. നായകൾക്കായി ഭക്ഷണം തയാറാക്കുന്നതിന് മാത്രം മൂന്നു ജോലിക്കാരെ വച്ചിട്ടുണ്ട്. ചിക്കൻ ഉൾപ്പെടെയുള്ള ഭക്ഷണമാണ് ഉച്ചയ്ക്ക് നായ്ക്കൾക്ക് നൽകുന്നത്. കുടിക്കാനും ശുദ്ധജലം നൽകും. ഇതിനായി പ്രത്യേക അടുക്കള തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണം പാകം ചെയ്തതിന് ശേഷം ഇവ വലിയ പാത്രത്തിലാക്കി ഇ-റിക്ഷയിൽ കയറ്റി കൊണ്ടുപോകും. കല്യാണി ടൗണിലെ വിവിധ പ്രദേശങ്ങളിലെത്തി നായ്ക്കൾക്ക് ഭക്ഷണം നൽകും. ഇതിനായി പ്രതിമാസം പതിനായിരം രൂപ വേണ്ടിവരും. രണ്ടാഴ്ചയിലൊരിക്കൽ നായ്ക്കളെ പരിശോധിക്കാനും മരുന്നുകൾ നൽകാനും പരിശീലനം നൽകാനും ഒരാളെ നിയമിച്ചിട്ടുണ്ട്.