supreme-court

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്‌‌റ്റിസിന്റെ ഓഫീസ് ഇനിമുതൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ. ദില്ലി ഹൈക്കോടതി വിധി ശരി വച്ച് സുപ്രീം കോടതി തന്നെയാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്. ചീഫ് ജസ്‌റ്റിസ് ഓഫീസ് പൊതു അതോറിറ്റിയെന്ന പരാമർശത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സുതാര്യത പൊതുസമൂഹം ആഗ്രഹിക്കുന്നതാണെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്‌റ്റിസ് അദ്ധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെതാണ് ഉത്തരവ്.

വർഷങ്ങൾക്ക് മുമ്പ് സുപ്രീം കോടതി ജഡ്‌ജിമാരുടെ സ്വത്തുവിവരങ്ങൾ തേടി സുഭാഷ് ചന്ദ്ര അഗർവാൾ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയതോടെയാണ് ഇതുസംബന്ധിച്ച തർക്കങ്ങൾ ഉടലെടുക്കുന്നത്. സുഭാഷ് ചന്ദ്ര അഗർവാൾ ആവശ്യപ്പെട്ട വിവരങ്ങൾ നൽകണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ സുപ്രീം കോടതി ഇൻഫർമേഷൻ ഓഫീസർക്ക് നിർദേശം നൽകിയെങ്കിലും അത് നടപ്പായില്ല. തുടർന്നാണ് വിഷയം കോടതിയ്‌ക്ക് മുന്നിലെത്തുന്നത്.

2009ൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പബ്ലിക് അതോറിറ്റിയാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതിയിലെ ജസ്‌റ്റിസ് എസ്. രവീന്ദ്ര ഭട്ട് വിധി പുറപ്പെടുവിക്കുകയായിരുന്നു. നീതിന്യായ സംവിധാനമടക്കം എല്ലാ സംവിധാനങ്ങളും പുതിയ കാലത്ത് തുറന്നുകാട്ടപ്പെടേണ്ടതാണെന്നും അതിൽ നിയമസംവിധാനത്തിന് മാത്രം ഒഴിവുകഴിവ് പറയാനാകില്ലെന്നും വ്യക്തമാക്കിയ ഭട്ട്, ചീഫ് ജസ്റ്റിസും വിവരാവകാശ നിയമത്തിന് കീഴിൽ വരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ ഭട്ടിന്റെ വിധിക്കെതിരെ സുപ്രീം കോടതി, അപ്പീൽ പോയെങ്കിലും 2010 ജനുവരി 12ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എ.പി.ഷാ ജസ്റ്റിസുമാരായ വിക്രം ജീത് സെൻ, എസ്.മുരളീധർ എന്നിവരടങ്ങിയ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ വിധിപ്രഖ്യാപനം ശരിവയ്‌ക്കുകയായിരുന്നു. സുപ്രീം കോടതി ജഡ്ജിമാർ സ്വത്തുവിവരങ്ങൾ വെളിപ്പെടുത്തുന്നത് നീതിപീഠത്തിന്റെ സ്വതന്ത്രസ്വഭാവത്തെ ബാധിക്കുമെന്നായിരുന്നു ഹൈക്കോടതിയിലെ അപ്പീൽ ഹർജിയിൽ സുപ്രീംകോടതിയുടെ വാദം. എന്നാൽ ആ വാദങ്ങൾ തള്ളിയ ഹൈക്കോടതി കോടതിയുടെ സ്വാതന്ത്ര്യം എന്നത് ജഡ്ജിയുടെ അവകാശമോ പ്രത്യേകാധികാരമോ അല്ലെന്നും വ്യക്തമാക്കിയിരുന്നു.