red-188

സി.ഐ അലിയാരുടെ കാലുകൾ പെട്ടെന്നു നിശ്ചലമായി.

തൊട്ടു പിന്നിൽ എസ്.ഐയും മറ്റുള്ളവരും ചുറ്റും ശ്രദ്ധിച്ചുകൊണ്ട് നിന്നു.

അലിയാർ ശബ്ദം താഴ്‌ത്തി.

''ആ കേട്ടത് പക്ഷിയുടെ ശബ്ദമല്ല. ഒരടയാളമാ... കാട്ടിലെ ഈറ്റകൊണ്ട് ട്രൈബ്‌സ് ഉണ്ടാക്കുന്ന ഒരു ഉപകരണത്തിലെ ശബ്ദം."

അലിയാർ തുകൽ ഉറയിൽ നിന്ന് റിവോൾവർ എടുത്തു പിടിച്ചു.

''പേടിക്കേണ്ട കാര്യമില്ല. എന്നാലും ഒരുറപ്പിന്."

പോലീസുകാരുടെ മുഖങ്ങൾ വിളറി.

''കമിൻ."

കരുതലോടെ അലിയാർ മുന്നിൽ നടന്നു. എത്ര ശ്രദ്ധിച്ചിട്ടും കാൽക്കീഴിൽ കരിയിലകൾ ഞെരിഞ്ഞ് ശബ്ദമുണ്ടാക്കി.

അടുത്ത നിമിഷം അതു കണ്ടു.

കാട്ടുപുല്ലുകളെ വകഞ്ഞുമാറ്റി പറക്കുന്ന വേഗത്തിൽ ഒരാൾ പാഞ്ഞു പോകുന്നു.

മയിൽ പറക്കുന്നതു പോലെയാണ് അവർക്കു തോന്നിയത്.

''അവനെ പിടിക്കട്ടേ സാർ?"

എസ്.ഐ സുകേശ് ഓടാൻ ഭാവിച്ചു.

''വേണ്ടാ."

അലിയാർ തടഞ്ഞു.

''അവൻ ആക്രമണകാരിയല്ല."

ആ സംഘം കുന്നിൻചരുവിലൂടെ താഴേക്കിറങ്ങി.

സ്ഫടികം പോലെയൊഴുകുന്ന ജലമുള്ള വീതി തീരെ കുറഞ്ഞ ഒരു തോടുണ്ടായിരുന്നു താഴ്‌വരയിൽ.

അല്പനേരം കൂറ്റൻ മരങ്ങൾക്കടിയിൽ അവർ വിശ്രമിച്ചു.

ചീവീടുകളുടെ കർണ്ണ കഠോരമായ ശബ്ദം. എത്ര ശ്രദ്ധിച്ചിട്ടും ഒരെണ്ണത്തിനെ മാത്രമേ അവർക്കു കാണുവാൻ കഴിഞ്ഞുള്ളു.

അതിന് ഏതാണ്ട് രണ്ടിഞ്ചു നീളവും അരയിഞ്ച് ശരീരവീതിയും ഉണ്ടായിരുന്നു. മരത്തടിയിൽ ഇരിക്കുന്നതു കണ്ടാൽ തിരിച്ചറിയാനാവാത്ത നിറം.

പത്തു മിനിട്ടു കഴിഞ്ഞ് ഐസിന്റെ കുളിർമയുള്ള കാട്ടുചോലയിൽ മുഖം കഴുകിയിട്ട് അവർ യാത്ര തുടർന്നു.

ഏകദേശം നാലുമണിക്കൂർ.

''നമ്മൾ മടങ്ങി വരും മുൻപ് നേരമിരുട്ടും." ഒരു കോൺസ്റ്റബിൾ പിറുപിറുത്തു.

അലിയാർ അതു കേട്ടെങ്കിലും മറുപടി നൽകിയില്ല.

അവർ ഒരിടത്തുകൂടി വിശ്രമിക്കാനിരുന്നു. കരുതിയിരുന്ന ലഘുഭക്ഷണം കഴിച്ചു. വെള്ളം കുടിച്ചു.

കുറച്ചകലെ എവിടെയോ ഒരു പട്ടിയുടെ കുര കേട്ടു.

''നമ്മൾ എത്താറായി." അലിയാർ ആവേശത്തോടെ എഴുന്നേറ്റു.

''അവർ നമുക്കു നേരെ വിഷം പുരട്ടിയ അമ്പോ മറ്റോ അയയ്ക്കുമോ സാറേ?"

എസ്.ഐ സുകേശ്, അലിയാരെ നോക്കി. അലിയാർക്കു ചിരിവന്നു.

''അങ്ങനെയൊന്നും ഉണ്ടാവില്ല. അത്തരം രംഗങ്ങൾ സിനിമയിലേ കാണൂ. അല്ലെങ്കിൽ നമ്മൾ ഉപദ്രവിക്കുവാൻ ചെന്നവരാണെന്ന് അവർക്കു തോന്നണം."

ഇരുനൂറു മീറ്റർ കൂടി ചെന്നപ്പോൾ വൃക്ഷങ്ങൾക്കു താഴെ വെട്ടിത്തെളിച്ച ഒരു ഭാഗം കണ്ടു.

അവിടെ ചെറിയ കുടിലുകൾ... പ്ളാസ്റ്റിക് ടാർപ്പാളിൻ കൊണ്ടും പുല്ലുകൾ കൊണ്ടും മേൽക്കൂര ഉണ്ടാക്കിയവ...!

ഏതാണ്ട് അൻപതോളം കുടിലുകൾ കാണുമെന്നു തോന്നി. രണ്ട് വൃക്ഷങ്ങൾക്കു മുകളിൽ ഏറുമാടങ്ങളും ഉണ്ട്.

അവയിൽ നിന്നു താഴേക്ക് പെരുമ്പാമ്പുകളെപ്പോലെ തൂങ്ങിക്കിടക്കുന്ന ഗോവണികൾ...

കാട്ടുകമ്പുകൾ കൊണ്ടും കാട്ടുവള്ളികൾ ചതച്ചു പിരിയുണ്ടാക്കിയ കയറുമായിരുന്നു അവയ്ക്ക് ഉപയോഗിച്ചിരുന്നത്.

അടുത്തടുത്താണു കുടിലുകൾ. അവയ്ക്കിടയിലുള്ള ഭാഗം കരിയിലകൾ തൂത്തുമാറ്റി വൃത്തിയായി ഇട്ടിരുന്നു.

ഒരു മരച്ചുവട്ടിൽ മലദൈവങ്ങളുടെ സങ്കല്പമാകണം. ചില പ്രത്യേക ആകൃതി തോന്നിക്കുന്ന കല്ലുകൾ ചാരി വച്ച് അവയ്ക്കുമീതെ കാട്ടുപൂക്കളും ചുവന്ന സിന്ദൂരവും വിതറിയിരിക്കുന്നു.

മുറ്റത്തിരുന്ന് എന്തോ പണിചെയ്യുന്ന സ്ത്രീകളാണ് പോലീസ് സംഘത്തെ ആദ്യം കണ്ടത്.

അവ്യക്തമായ ഭാഷയിൽ അവർ എന്തോ പറഞ്ഞു.

പെട്ടെന്ന് മറ്റു കുടിലുകളിൽ നിന്ന് പുരുഷന്മാർ ഇറങ്ങിവന്നു.

എസ്.ഐ സുകേശിന് അത്ഭുതം തോന്നി.

താൻ സങ്കല്പിച്ച വേഷമല്ല ഇവരുടേത്.

മുഷിഞ്ഞ ഷർട്ടും ലുങ്കിയുമാണ് പുരുഷന്മാർക്ക്. ചെറിയ പെൺകുട്ടികൾക്ക് പാവാടയും ഉടുപ്പും. സ്ത്രീകളിൽ ചിലർക്കു നൈറ്റി. ചിലർ ഒറ്റ ചേല ചുറ്റി അത് തോളിലൂടെയിട്ട് ശരീരം പൊതിഞ്ഞിരിക്കുന്നു.

അവരിൽ പ്രായമേറിയവരിൽ ചിലർ ബ്ളൗസ് ധരിച്ചിരുന്നില്ല.

''ഇവിടത്തെ പല കുട്ടികളും കുറുക്കുവഴിയെ പുറത്തെത്തി സ്കൂളിൽ പോകുന്നുണ്ട്. പിന്നെ ട്രൈബ്സിന്റെ ഹോസ്റ്റലിൽ നിന്നു പഠിക്കുന്നവരുമുണ്ട്. ഉയർന്ന ഉദ്യോഗങ്ങളിൽ ഇരിക്കുന്നവരും ഉണ്ടാകാം."

അലിയാർ മറ്റുള്ളവരോടു പറഞ്ഞു.

''നമ്മൾ ഇവരെ ഒട്ടും കുറച്ചുകാണാൻ പാടില്ല. അതിവരെ ചൊടിപ്പിച്ചേക്കും."

കുടിലുകളിൽ നിന്നു പുറത്തിറങ്ങിയ പുരുഷന്മാർ ഭവ്യതയോടെ പോലീസിനു മുന്നിൽ വന്ന് നിന്നു.

''എന്നാ സാർ ഈ വഴിയൊക്കെ?"

കൂട്ടത്തിൽ പ്രായമുള്ള ആൾ തിരക്കി.

അയാളായിരിക്കും 'കാണി" എന്ന് അലിയാർ ഊഹിച്ചു.

''നാട്ടിലെ ചില കള്ളന്മാർ കാടുകയറിയിട്ടുണ്ടെന്നറിഞ്ഞു. അവരെ തിരഞ്ഞു വന്നതാ. " അലിയാർ തന്റെ മനസ്സിലെ ലക്ഷ്യം മറച്ചുവച്ചുകൊണ്ട് പറഞ്ഞു."

വൃദ്ധന്റെ കണ്ണുകൾ ഒന്നു കുറുകി.

''അങ്ങനാരും വന്നില്ല സാർ..."

''വരുന്നോന്ന് ശ്രദ്ധിച്ചോണം."

വൃദ്ധൻ തലയാട്ടി.

പെട്ടെന്ന് അലിയാർ തന്നെ ബാഗിൽ നിന്ന്, വടക്കേ കോവിലകത്തുനിന്നു ലഭിച്ച കമ്പിളി എടുത്തു കാണിച്ചു.

''ഇത് ഇവിടെ ആരുടെയെങ്കിലുമാണോ?"

പോലീസ് സംഘം ഓരോ മുഖത്തേക്കും ശ്രദ്ധിച്ചു. ഭാവമാറ്റം ഉണ്ടോ എന്ന് അറിയുവാൻ.

അങ്ങനെയൊന്നും കണ്ടില്ല.

അലിയാർ അല്പനേരം ചിന്തിച്ചുനിന്നു.

''ഇത് ഞങ്ങടെ അല്ല സാർ." വൃദ്ധൻ അറിയിച്ചു.

അലിയാർ പോക്കറ്റിൽ നിന്ന് ഒരു ഫോട്ടോയെടുത്ത് വൃദ്ധന്റെ മുഖത്തിനു നേർക്കു പിടിച്ചു.

''ഈ ആളിനെ അറിയുമോ?"

വൃദ്ധന്റെ കണ്ണുകളിൽ ഒരു ഭാവമാറ്റം!

(തുടരും)