al-atta-

ഗാസ: ഇറാൻ പിന്തുണയോടെ പോരാടുന്ന പാലസ്തീൻ സംഘടനയായ ഇസ്‍ലാമിക് ജിഹാദിന്റെ മുഖ്യ കമാൻഡർ ബഹ അബു അൽ അത്ത ഇസ്രായേലിന്റെ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ചൊവ്വാഴ്ചയാണ് ഗാസാ മുനമ്പിൽ നടന്ന ശക്തമായ റോക്കറ്റ് ആക്രമണത്തിൽ അത്ത കൊല്ലപ്പെട്ടത്. സിറിയയിലെ ദമാസ്കസിൽ അത്തയുടെ വീടിനു നേരെ നടന്ന മറ്റൊരു ആക്രമണത്തിൽ, അദ്ദേഹത്തിന്റെ ഒരു മകനും ഉൾപ്പെട്ടതായി സിറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രി മുഴുവൻ തുടർന്ന ഇസ്രായേൽ റോക്കറ്റാക്രമണത്തിൽ 10 പാലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, ആക്രമണത്തിന് പകരമെന്നോണം ഗാസയിൽ നിന്ന് ഉണ്ടായ റോക്കറ്റ് ആക്രമണത്തിൽ 25 ഇസ്രായേലികൾക്ക് പരിക്കേറ്റു. ചില റോക്കറ്റുകൾ തലസ്ഥാനമായ ടെൽ അവീവിലുമെത്തി. സ്വയം പ്രതിരോധിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ഇസ്രായേലിനെതിരെ നിരവധി ആക്രമണങ്ങൾ ആസൂത്രണം ചെയ്തയാളെയാണ് തങ്ങൾ വധിച്ചതെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. കൊല്ലപ്പെട്ട അത്ത ഒരു ബോംബ് ആയിരുന്നു എന്നും നെതന്യാഹു പറഞ്ഞു. യു.എന്നിലെ മദ്ധ്യപൂർവദേശത്തിനായുള്ള പ്രതിനിധി അടിയന്തര ഇടപെടലുകൾക്കായി ഈജിപ്തിലെ കെയ്റോയിലേക്കു പുറപ്പെട്ടതായി നയതന്ത്ര വൃത്തങ്ങൾ രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോടു വ്യക്തമാക്കി.