ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് വിനയൻ. കല്യാണ സൗഗന്ധികം, ശിപായി ലഹള, ആകാശഗംഗ, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വെള്ളിനക്ഷത്രം, അത്ഭുത ദ്വീപ് തുടങ്ങിയ വിനയൻ ചിത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ ആകാശഗംഗ- 2വും ഏറ്റവുമൊടുവിലായി എത്തിക്കഴിഞ്ഞു. മികച്ച സ്വീകാര്യത നേടിയാണ് ചിത്രം തിയേറ്ററുകളിൽ മുന്നേറുന്നത്. വിഷ്വൽ എഫക്‌ട്സിന് കൂടുതൽ പ്രാധാന്യം നൽകി ഒരുക്കിയിട്ടുള്ള ആകാശഗംഗ- 2ൽ ആദ്യഭാഗത്തിൽ ടൈറ്റിൽ റോളിലെത്തിയ മയൂരിയും പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ഇത് പ്രേക്ഷകരിൽ അത്ഭുതവും സൃഷ്‌ടിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് മരിച്ച മയൂരിയെ വി.എഫ്.എക്‌സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചിത്രത്തിൽ എത്തിച്ചിരിക്കുന്നത്. അതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് വിനയൻ. കൗമുദി ടിവിയുടെ ഡേ വിത്ത് എ സ്‌റ്റാറിലാണ് വിനയൻ മനസു തുറന്നത്.
'ആകാശഗംഗയുടെ സെക്കന്റ് പാർട്ട് എടുക്കുമ്പോൾ ഗംഗയെ മറന്നുകൊണ്ട് ഒരു കഥ പറയാൻ പറ്റില്ല. പച്ച ജീവനോടെ ചിതയിൽ വച്ച് എരിച്ച ദാസിപ്പെണ്ണിന്റെ കഥയാണല്ലോ ആകാശഗംഗ. ആ കുട്ടി പടം കഴിഞ്ഞ് നാല് വർഷം കഴിഞ്ഞപ്പോൾ മരിച്ചു പോയി. അന്ന് അതിൽ അഭിനയിക്കുമ്പോൾ മയൂരിക്ക് 19 വയസാണ്. 23ാമത്തെ വയസിലാണ് മരിച്ചു പോയത്. രണ്ടാമതൊരു ഭാഗത്തെ കുറിച്ചു ചിന്തിക്കുമ്പോൾ ഈ കഥപാത്രത്തെ വിട്ട് ആലോചിക്കാനും കഴിയില്ല. അങ്ങനെയാണ് ഇപ്പോഴത്തെ സാങ്കേതിക വിദ്യകൾ നമ്മൾ ഉപയോഗിച്ചതും. മയൂരിയെ റീ ക്രിയേറ്റ് ചെയ്യാൻ സാധിച്ചതും. അനിമേറ്റ് ചെയ്‌ത് ഫേയ്‌സ് ഉണ്ടാക്കി പഴയസിനിമയുടെ ബോഡിയിൽ അത് കൊടുത്ത് ഉണ്ടാക്കുകയായിരുന്നു' -വിനയൻ പറഞ്ഞു.